'മൂന്നു വര്‍ഷത്തെ പ്രണയം; രജിസ്റ്റര്‍ വിവാഹത്തിന് ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹത്തിന് നിര്‍ബന്ധിച്ചു; ചടങ്ങിനിടെ തന്റെ അറിവില്ലാതെ പേര് മാറ്റി; ബലാത്സംഗ കേസ് നല്‍കുമെന്ന് പറഞ്ഞു'; ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്

Update: 2025-07-17 09:38 GMT

ബെംഗളൂരു: വിവാഹ ചടങ്ങില്‍വച്ച് ഭാര്യയും കുടുംബവും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന പരാതിയുമായി യുവാവ് രംഗത്ത്. കര്‍ണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതി നല്‍കിയത്. തഹ്സീന്‍ ഹൊസാമണി എന്ന യുവതിയുമായി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും രജിസ്റ്റര്‍ വിവാഹം ചെയ്ത ശേഷം മുസ്ലീം മതാചാരപ്രകാരവും വിവാഹം നടത്തിയെന്നും വിശാല്‍ കുമാര്‍ ഗോകവി പറയുന്നു.

2024 നവംബറിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങള്‍ക്കനുസൃതമായി വീണ്ടും വിവാഹം കഴിക്കാന്‍ തഹ്‌സീന്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കിയതായി അദ്ദേഹം ആരോപിക്കുന്നു. തുടര്‍ന്ന് ഏപ്രില്‍ 25 ന് മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു. ജൂണ്‍ 5 ന് ഹിന്ദു ആചാരങ്ങളോടെ തന്റെ കുടുംബം വിവാഹത്തിന് ഒരുങ്ങിയെന്നും തഹ്‌സീന്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്മാറിയെന്നും വിശാല്‍ ആരോപിക്കുന്നു.

മുസ്ലീം മതാചാരപ്രകാരമുള്ള വിവാഹത്തിനിടെ തന്റെ അറിവില്ലാതെ പേര് മാറ്റിയെന്ന് വിശാല്‍ ആരോപിച്ചു. ചടങ്ങിനിടെ ഒരു 'മൗലവി' (മുസ്ലീം പുരോഹിതന്‍) താന്‍ അറിയാതെ മതം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ആചാരപ്രകാരം ഗോകവി ഹൊസാമണിയെ വിവാഹം കഴിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്.

ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ അയാള്‍ക്കെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിശാല്‍ ആരോപിച്ചു. തഹ്‌സീനും അമ്മ ബീഗം ബാനുവും തന്നെ നമസ്‌കരിക്കാനും ജമാഅത്തില്‍ പങ്കെടുക്കാനും നിര്‍ബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 299, സെക്ഷന്‍ 302 എന്നിവ പ്രകാരം ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Similar News