'ഒരു കൈയ്യബദ്ധം..നാറ്റിക്കരുത്..എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം..!!'; യുവതിയുടെ കാൽ പിടിച്ച് അപേക്ഷിക്കുന്ന ഒരാൾ; നിർത്താതെ തലയിലും മുഖത്തും ചെരുപ്പടി അഭിഷേകം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
കല്യാൺ: താനെ കല്യാൺ ഈസ്റ്റിലെ കോൾസേവാഡിയിൽ കടയുടമയുടെ ലൈംഗിക അതിക്രമത്തിൽ പ്രതിഷേധിച്ച് ജീവനക്കാരിയായ യുവതി ചെരുപ്പൂരി കടയുടമയെ മർദ്ദിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. കടയുടമ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് പ്രകോപനത്തിന് കാരണമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കടയുടമ യുവതിയുടെ കാലുപിടിച്ച് മാപ്പ് ചോദിക്കുന്നതും ഇതിൽ കാണാം.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കടയുടമ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയക്കുന്നതിൽ മനംനൊന്ത യുവതി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന്, യുവതിയുടെ അമ്മയും ബന്ധുക്കളും അവരോടൊപ്പം കടയിലെത്തി. അവിടെവെച്ച്, കടയുടമ യുവതിയുടെ നേരെ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന്, പ്രകോപിതയായ യുവതി തന്റെ ചെരുപ്പൂരി കടയുടമയുടെ മുഖത്തടിച്ചു. അടിയിൽ നിന്ന് രക്ഷപ്പെടാൻ കടയുടമ സാധനങ്ങൾ വെച്ചിരുന്ന കബോർഡുകൾക്കിടയിൽ മറയാൻ ശ്രമിച്ചെങ്കിലും, അവിടെയുണ്ടായിരുന്നവർ ഇയാളെ പുറത്തെത്തിച്ച് യുവതിയുടെ കാലുപിടിച്ച് മാപ്പ് ചോദിക്കാൻ നിർബന്ധിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായി. കടയുടമയുടെ പ്രവർത്തിക്ക് ലഭിച്ച അർഹിച്ച ശിക്ഷയാണെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. യുവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കടയുടെ മുന്നിൽ ഒരു കൂട്ടം ആളുകൾ തടിച്ചുകൂടിയിരുന്നു.
സംഭവത്തിന് പിന്നാലെ യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, വീഡിയോ വ്യാപകമായി പ്രചരിച്ചിട്ടും ഇതുവരെ പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കടയുടമയുടെ ലൈംഗിക അതിക്രമത്തിനും അതിനെതിരെ യുവതി സ്വീകരിച്ച നിലപാടിനും വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.