കോണ്‍ഗ്രസ് പോരില്‍ സമൂഹമാധ്യമങ്ങളിലൂടെ ജോസ് നെല്ലേടത്തിനെ വേട്ടയാടിയെന്ന് കുടുംബം മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്; തങ്കച്ചന്റെ വീട്ടില്‍ എല്ലാം കൊണ്ടു വച്ച ശേഷം ജോസിനെ വിവരം അറിയിച്ചത് ആരുടെ ചതി; മുള്ളന്‍കൊല്ലിയില്‍ പോലീസ് അന്വേഷണം നിര്‍ണ്ണായകം
പുല്‍പ്പള്ളി: കോണ്‍ഗ്രസ് പോരില്‍ സമൂഹമാധ്യമങ്ങളിലൂടെ ജോസ് നെല്ലേടത്തിനെ വേട്ടയാടിയെന്ന് കുടുംബം പൊലീസിന് മൊഴിനല്‍കിയെന്ന് റിപ്പോര്‍ട്ട്. ഭാര്യ ഷീജ, മക്കളായ അനീഷ, ആദര്‍ശ്, ജോസിന്റെ സഹോദരങ്ങള്‍ എന്നിവരുടെ മൊഴിയാണ് പുല്‍പ്പള്ളി എസ്ഐ സി രാംകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം വീട്ടിലെത്തി എടുത്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേരുടെ മൊഴിയെടുക്കുമെന്നും ആരോപണ വിധേയരെ ചോദ്യംചെയ്യുമെന്നും അന്വേഷക സംഘം പറഞ്ഞു. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിനും പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.
മുള്ളന്‍കൊല്ലിയില്‍ വികസന സെമിനാറിനിടെ ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദനമേറ്റതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പോര് മൂര്‍ച്ഛിച്ചത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അനുയായിയും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായ കാനാട്ടുമലയില്‍ തങ്കച്ചനെ കള്ളക്കേസില്‍കുടുക്കി ജയിലിലടച്ചു. ഇതോടെ ഗ്രൂപ്പുകള്‍ തമ്മില്‍ പകയായി. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും അവഹേളനവും അധിക്ഷേപവുമുണ്ടായി. തങ്കച്ചന്‍ ജയിലിലായ സംഭവത്തില്‍ നേതാക്കള്‍ കൈവിടുമെന്ന സ്ഥിതി വന്നതോടെയാണ് ജോസ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
ആത്മഹത്യചെയ്ത ജോസ് നെല്ലേടത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ജോസിന്റെ മറുപക്ഷത്തുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായി സൂചന പറത്തു വന്നിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒപ്പംനിന്നില്ലെന്നതിനൊപ്പം സൈബര്‍ അധിക്ഷേപങ്ങളും വല്ലാതെ വേദനിപ്പിച്ചതായ പരാമര്‍ശങ്ങള്‍ കത്തിലും ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് നേതാവും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസും. ഇതിനിടെയാണ് കുടുംബത്തിന്റെ മൊഴിയും കിട്ടുന്നത്.
നിലവില്‍ സ്ഫോടകവസ്തുക്കളും മദ്യവും തങ്കച്ചന്റെ വീട്ടില്‍വെച്ച കേസില്‍ ആരോപണവിധേയരായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജയില്‍മോചിതനായശേഷം തങ്കച്ചന്‍ ചില നേതാക്കളാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതില്‍ ഒരാളായ അനീഷ് മാമ്പള്ളിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാള്‍ സ്ഥലത്തില്ലെന്നാണ് മനസ്സിലാക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രസാദും അനീഷ് മാമ്പള്ളി സ്വന്തം ആവശ്യത്തിനാണെന്നു പറഞ്ഞാണ് മദ്യം വാങ്ങിപ്പിച്ചതെന്ന് മൊഴിനല്‍കിയതായി സൂചനയുണ്ട്.
തങ്കച്ചന്റെ വീട്ടില്‍ എല്ലാം കൊണ്ടു വച്ച ശേഷം ജോസിനെ വിവരം അറിയിച്ചു. ഇത് സത്യമാണെന്ന് വിശ്വസിച്ച് ജോസ് പോലീസിനെ അറിയിച്ചു. അങ്ങനെയാണ് തങ്കച്ചന്‍ അകത്തായത്. തങ്കച്ചന്‍ മോചിപ്പിച്ച ശേഷം കേസ് വിളിച്ചു പറഞ്ഞ ആള്‍ക്കെതിരെ വരുന്ന സ്ഥിതി വന്നു. അപ്പോഴാണ് ജോസും ചതി തിരിച്ചറിഞ്ഞത്. ഇതിന്റെ വേദനയിലാണ് ആത്മഹത്യയെന്നാണ് സൂചന. പെരിക്കല്ലൂരിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ജോസ് നെല്ലേടമുള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതില്‍ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന. പുറത്തു വന്ന ദൃശ്യങ്ങളില്‍, തന്റെ നിരപരാധിത്വം ജോസ് നെല്ലേടം വ്യക്തമാക്കുന്നുണ്ട്.
പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു. ഇത് മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിക്കുകയാണ് ചെയ്തതെന്നാണ് ജോസ് വ്യക്തമാക്കിയത്. ഒരാളില്‍നിന്ന് അനര്‍ഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വെളളിയാഴ്ച രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിന് സമീപത്തെ കുളത്തിനടുത്ത് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.