വാട്‌സാപ്പ് ഹാക്കിംഗ് കേസുകള്‍ സംസ്ഥാനത്ത് ആശങ്കാജനകമായി വര്‍ധിക്കുന്നു; ഈ വര്‍ഷം ലഭിച്ചത് അഞ്ഞൂറോളം കേസുകള്‍; ഹാക്ക് ചെയ്യുന്ന് അക്കൗണ്ടുകളില്‍ നിന്നും തട്ടിപ്പുക്കാര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരില്‍ സന്ദേശങ്ങള്‍ അയച്ച് പണം ആവശ്യപ്പെടുന്നു; ആശങ്കയില്‍ ജനങ്ങള്‍
തിരുവനന്തപുരം: വാട്‌സാപ്പ് ഹാക്കിംഗ് കേസുകള്‍ സംസ്ഥാനത്ത് ആശങ്കാജനകമായി വര്‍ധിക്കുന്നതായി സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഇതുവരെ അഞ്ഞൂറോളം പരാതികളാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരില്‍ സന്ദേശങ്ങള്‍ അയച്ച് പണം ആവശ്യപ്പെടുന്ന കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സൈബര്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ഹാക്ക് ചെയ്യപ്പെട്ട ഫോണുകളിലെ കോണ്‍ടാക്ടുകളിലേക്ക് വ്യാജസന്ദേശങ്ങളാണ് എത്തുന്നത്. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാട്‌സാപ്പില്‍നിന്ന് സന്ദേശം വരുന്നതിനാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിയാതെ പലരും പ്രതികരിക്കുകയും പണം കൈമാറുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തിയത്. ഇത്തരം സന്ദേശങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് മൂലം മറ്റുള്ളവരുടെ ഫോണുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട്.
സാധാരണയായി, വാട്‌സാപ്പ് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഒടിപി ആവശ്യപ്പെടും. ഹാക്ക് ചെയ്യപ്പെട്ടാല്‍ ഒടിപി നല്‍കാതെ 12 മുതല്‍ 24 മണിക്കൂര്‍ വരെ വാട്‌സാപ്പ് പ്രവര്‍ത്തനരഹിതമാകും. ഈ സമയത്താണ് തട്ടിപ്പുകാര്‍ ഫോണ്‍ ഉടമയുടെ പേരില്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നത്.
ഓണ്‍ലൈന്‍ വില്പന പ്ലാറ്റ്‌ഫോമുകളിലും പുതിയ രീതിയിലുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചുവരികയാണെന്ന് സൈബര്‍ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒരു ഉല്‍പ്പന്നം വില്പനയ്ക്ക് വെക്കുമ്പോള്‍ പേയ്മെന്റ് ചെയ്യുന്നതിന് മുന്‍പ് വ്യാജ ലിങ്കുകള്‍ അയച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങള്‍ ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ യഥാര്‍ത്ഥ ഉടമയുമായി നേരിട്ട് ബന്ധപ്പെടണം. ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും ഒടിപി ഉള്‍പ്പെടെയുള്ള സ്വകാര്യവിവരങ്ങള്‍ ആരുമായും പങ്കിടാതിരിക്കുകയും ചെയ്യണമെന്ന് സൈബര്‍ പൊലീസ് നിര്‍ദേശിച്ചു. സംശയാസ്പദമായ സന്ദേശങ്ങള്‍ ഉടന്‍ സൈബര്‍ ഹെല്‍പ്ലൈനായ 1930ല്‍ അറിയിക്കാനും പൊലീസിന്റെ സൈബര്‍ഡോം പോര്‍ട്ടല്‍ വഴി പരാതി നല്‍കാനുമാണ് നിര്‍ദേശം.
വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് രണ്ട് ഘട്ട സുരക്ഷ സജ്ജീകരിക്കുന്നതിലൂടെ ഇത്തരം ഹാക്കിംഗ് സംഭവങ്ങള്‍ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാനും വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക സാങ്കേതികസംഘങ്ങളെ നിയോഗിക്കാനുമുള്ള നടപടികള്‍ സൈബര്‍ പൊലീസ് ആരംഭിച്ചിരിക്കുകയാണ്.