എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്കുള്ള റിപാട്രിയേഷന്‍ സൗകര്യം ദുരുപയോഗിച്ചു; വിദേശ ടൂര്‍പാക്കേജുകളെന്ന പേരിലും നടത്തിയത് 65,000-ല്‍ അധികം ഇടപാടുകള്‍; റിവേഴ്‌സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയ 2727 കോടി കള്ളപ്പണമെന്ന് നിഗമനം; ഇഡി അന്വേഷണം തുടങ്ങി

റിവേഴ്‌സ് ഹവാലയിലൂടെ വിദേശത്തേക്ക് കടത്തിയ 2727 കോടി കള്ളപ്പണമെന്ന് നിഗമനം; ഇഡി അന്വേഷണം തുടങ്ങി

Update: 2025-07-17 15:13 GMT

കോഴിക്കോട്: റിവേഴ്‌സ് ഹവാലയിലൂടെ വിദേശ രാജ്യങ്ങളിലേക്ക് കടത്തിയ 2727 കോടി രൂപ കള്ളപ്പണമെന്ന നിഗമനത്തില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്കുള്ള റിപാട്രിയേഷന്‍ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂര്‍പാക്കേജുകളെന്ന പേരിലും ഒരു സ്വകാര്യബാങ്കുവഴി മാത്രം അഞ്ചുവര്‍ഷത്തിനിടെ റിവേഴ്‌സ് ഹവാലയിലൂടെ 27,26,48,40,339 രൂപ വിദേശത്തേക്കെത്തിച്ചെന്നാണ് ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കണ്ടെത്തിയത്. ഇഡി ഉദ്യോഗസ്ഥര്‍ ആദായനികുതി ഉദ്യോഗസ്ഥരില്‍നിന്ന് കഴിഞ്ഞദിവസം വിവരങ്ങള്‍ ശേഖരിച്ച് തുടര്‍നടപടികള്‍ക്ക് തുടക്കമിട്ടു. 2021-2025 കാലയളവിലാണ് ഇത്രയും തുക വിദേശത്തേക്ക് എത്തിച്ചത്.

നികുതിവെട്ടിച്ചും വ്യാജരേഖയുപയോഗിച്ചും അക്കൗണ്ടുകളില്‍ കൃത്രിമംകാണിച്ചും നടത്തിയ ഇടപാടുകളായതിനാല്‍, കടത്തിയത് കള്ളപ്പണമാണെന്ന നിഗമനമുണ്ട്. ലഹരിമരുന്നുസംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും അനധികൃത സമ്പാദ്യം ബാങ്കുവഴിതന്നെ വിദേശത്തേക്ക് ഒഴുകിയതായാണ് സംശയിക്കുന്നത്. അന്‍പതോളം റഫറല്‍ ഏജന്റുമാര്‍വഴിനടന്ന 65,000-ല്‍പ്പരം ഇടപാടുകളിലാണ് 2700 കോടി രൂപ കേരളത്തില്‍നിന്നുമാത്രം കടത്തിയത്. യുഎഇയിലേക്കാണ് ഈ പണത്തിന്റെ കൂടുതലും അയച്ചിട്ടുള്ളത്. ജര്‍മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കടത്തിയിട്ടുണ്ട്.

കോഴിക്കോട്ടെ ഐബിക്‌സ് ഹോളിഡേസ്, എക്‌സ്-ഫോറെക്‌സ്‌പെ ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങള്‍ ഒരു സ്വകാര്യബാങ്കിനെ ഉപയോഗിച്ച് എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റിയതാണ് പ്രധാനമായി കണ്ടെത്തിയത്. വിദേശത്തുള്ള സഹോദരസ്ഥാപനമായ ദുബായിലെ ഐബിക്‌സ് ഹോളിഡേസിലേക്ക് 243 കോടി രൂപ അയച്ചതും കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകളുപയോഗിച്ച് ബാങ്കില്‍ കൃത്രിമം നടത്തിയതായും കണ്ടെത്തി. പ്രധാനമായും ഒരു ബാങ്കാണ് ഈ റിവേഴ്‌സ് ഹവാലയ്ക്ക് കൂട്ടുനിന്നതെങ്കിലും മറ്റ് അഞ്ച് സ്വകാര്യബാങ്കുകള്‍കൂടി റിവേഴ്‌സ് ഹവാലയില്‍ പങ്കാളികളായതായി വിവരമുണ്ട്.

സാധാരണ അക്കൗണ്ടുകളില്‍നിന്ന് ഫോറെക്‌സ് അക്കൗണ്ടിലേക്ക് ഫണ്ട് മാറ്റി, പിന്നീട് വിദേശത്തേക്ക് അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. യാത്രചെയ്യാത്തവരെ ചെയ്‌തെന്ന് രേഖകളുണ്ടാക്കി പല ട്രാവല്‍ ഏജന്റുമാരും തട്ടിപ്പില്‍ ഭാഗമായിട്ടുണ്ട്. ഒരു യാത്രക്കാരന്റെപേരില്‍ പലബാങ്കുകളില്‍നിന്ന് ഫണ്ടുമാറ്റിയും തട്ടിപ്പുനടത്തിയിട്ടുണ്ട്.

Tags:    

Similar News