കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍; ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തില്‍; ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തി; വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ പിന്‍മാറിയെന്ന് മാതാവ്
കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ ജൂനിയര്‍ ഡോക്ടര്‍ അറസ്റ്റില്‍. എംബിബിഎസ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ 24കാരിയാണ് മരിച്ചത്. മാല്‍ഡ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ ഉജ്ജ്വല്‍ സോറനെയാണ് അറസ്റ്റ് ചെയ്തത്.
മകള്‍ ഉജ്ജ്വല്‍ സോറനെ കാണാന്‍ പോയതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഉജ്ജ്വലുമായി പെണ്‍കുട്ടിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ചു അവര്‍ വെളിപ്പെടുത്തി. ഒരു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ മകള്‍ ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭച്ഛിദ്രം നടത്തിയെന്നും വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു.
ഇതിനിടെ മൂന്ന് മാസം മുന്‍പ് അമ്പലത്തില്‍ വെച്ച് ഇരുവരും വിവാഹിതരായിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഉജ്ജ്വല്‍ അവളെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. അതേസമയം മരുന്ന് അധികമായി ഉള്ളില്‍ ചെന്നതാണ് യുവതിയുടെ മരണത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
'കഴിഞ്ഞ തിങ്കളാഴ്ച എന്റെ മകള്‍ ഉജ്ജ്വലിനെ കാണാന്‍ പോയി. അവന്‍ അവളെ വിളിച്ചു വരുത്തിയതാണ്. അവര്‍ തമ്മില്‍ വഴക്കിട്ടിരിക്കാം. അവള്‍ എന്തെങ്കിലും കഴിച്ചതാവാം. അല്ലെങ്കില്‍ അവളെ നിര്‍ബന്ധിച്ച് കഴിപ്പിച്ചതാകാനും സാധ്യതയുണ്ട്'- യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഉജ്ജ്വല്‍ തന്നെ വിളിച്ച് മാല്‍ഡയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതിയുടെ അമ്മ പറഞ്ഞു. അവള്‍ ഗുരുതരാവസ്ഥയിലാണെന്ന് ഉജ്ജ്വല്‍ പറഞ്ഞില്ലെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവള്‍ വായില്‍ നിന്ന് നുരയും പതയും വന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അന്ന് രാത്രി തന്നെ മരിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു. ഉജ്ജ്വല്‍ സോറനെ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിലാണ് ഉജ്ജ്വലിനെ അറസ്റ്റ് ചെയ്തത്.