ദേഷ്യത്തിൽ എന്തൊക്കെയോ...പുലമ്പി കൊണ്ട് ഒരു പട്ടിക്കുഞ്ഞിനെ വലിച്ചെറിഞ്ഞു; അത് പിടയുന്നത് കണ്ടതും ഒരെണ്ണത്തിനെ എടുത്ത് അടിച്ചുനുറുക്കി യുവതി; കൊടും ക്രൂരതയ്ക്ക് പിന്നിലെ കാരണം ഇത്
ചെന്നൈ: മനുഷ്യരിലെ ക്രൂരതയുടെയും അന്ധമായ പകയുടെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് തമിഴ്‌നാട്ടിൽ നിന്നും പുറത്തുവരുന്നത്. അയൽവാസിയോടുള്ള വ്യക്തിപരമായ തർക്കം നിഷ്കളങ്കരായ ജീവികളോട് തീർത്ത ഒരു സ്ത്രീയുടെ പ്രവർത്തി സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. മൃഗസംരക്ഷണ പ്രവർത്തകനായ വിദിത് ശർമ്മ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മൺപാതയോരത്ത് നിർത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയ്ക്ക് സമീപം ഏഴോളം പട്ടിക്കുട്ടികൾ കൂട്ടമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നാണ് സമീപത്തെ വീടിന്റെ ഗേറ്റ് തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വരുന്നത്. യാതൊരു പ്രകോപനവുമില്ലാതെ, അവിടെ നിന്നിരുന്ന പട്ടിക്കുട്ടികളിൽ ഒന്നിനെ അവർ ബലമായി പിടികൂടുകയും അടുത്തുള്ള അയൽവാസിയുടെ ഉയർന്ന മതിലിലേക്ക് ആഞ്ഞടിക്കുകയും ചെയ്യുന്നു.
ആദ്യത്തെ പട്ടിക്കുട്ടി വേദനകൊണ്ട് പിടയുന്നതിനിടയിൽ തന്നെ രണ്ടാമതൊരു കുഞ്ഞിനെ കൂടി അവർ സമാനമായ രീതിയിൽ മതിലിലേക്ക് വലിച്ചെറിഞ്ഞു. ദൂരെ നിന്നും തള്ളപ്പട്ടിയും മറ്റ് തെരുവുനായ്ക്കളും ദയനീയമായി കുരയ്ക്കുന്നത് വീഡിയോയിൽ കേൾക്കാമെങ്കിലും, ആ സ്ത്രീ തന്റെ ക്രൂരത തുടരുകയായിരുന്നു. ഈ സമയമത്രയും തൊട്ടടുത്ത് ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ ഈ ദൃശ്യങ്ങൾ കണ്ടുനിന്നതല്ലാതെ, സ്ത്രീയെ തടയാനോ പ്രതികരിക്കാനോ തയ്യാറായില്ല എന്നതും ദൗർഭാഗ്യകരമാണ്.
വിവരമറിഞ്ഞ മൃഗസംരക്ഷണ പ്രവർത്തകരും പോലീസും സ്ഥലത്തെത്തിയപ്പോൾ പ്രതിയായ സ്ത്രീ ഒളിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇവർ വീടിനുള്ളിൽ കയറി വാതിലടച്ചു. ഒരു മണിക്കൂറോളം നേരം പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ, നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം കുട്ടികളെ മറയാക്കി പിടിച്ചാണ് അവർ ഉദ്യോഗസ്ഥരെ നേരിട്ടതെന്ന് വിദിത് ശർമ്മ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
വീഡിയോ പ്രചരിച്ചതോടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ ക്രൂരതയ്‌ക്കെതിരെ രംഗത്തെത്തിയത്. "ശത്രുവിനോട് ഏറ്റുമുട്ടാൻ കഴിയാത്തപ്പോൾ നിസ്സഹായരായ ജീവികളെ ഇരയാക്കുന്നത് മനുഷ്യന്റെ ഏറ്റവും നീചമായ സ്വഭാവമാണ്" എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇത്രയും ചെറിയ ജീവനുകളെ എറിഞ്ഞുകൊല്ലാൻ മനസ്സുള്ള ഒരാൾക്ക് എങ്ങനെ ഒരു അമ്മയാകാൻ കഴിയുമെന്നും പലരും ചോദിക്കുന്നു.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമപ്രകാരം ഇവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്. മനുഷ്യർ തമ്മിലുള്ള തർക്കങ്ങളിൽ മിണ്ടാപ്രാണികളെ ബലിയാടാക്കുന്ന ഇത്തരം പ്രവണതകൾക്ക് അറുതി വരുത്താൻ നിയമപരമായ ശിക്ഷ അനിവാര്യമാണെന്ന് മൃഗസ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.
