ഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; 'സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍'; വീട് കൊട്ടാരം പോലെ; ഒന്നര വര്‍ഷത്തിനിടെ മക്കളുടെ അക്കൗണ്ടിലെത്തിയത് രണ്ട് കോടി രൂപ: കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്

ഡല്‍ഹിയിലെ പ്രധാന ലഹരി സംഘത്തിന്റെ നടത്തിപ്പുകാരി; ക്വീന്‍ കുസുമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പോലിസ്

Update: 2025-07-21 02:05 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരി കുസുമിന് വേണ്ടി വലവിരിച്ച് ഡല്‍ഹി പോലിസ്. കോടികളുടെ ലഹരി ഇടപാടു നടത്തുന്ന കുസുമിന്റെ സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. നാലുകോടിയോളം രൂപ വിലമതിക്കുന്ന വസ്തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കുസുമിന്റെ സ്വത്ത് കണ്ടുകെട്ടല്‍ നടപടികളിലേക്ക് നീങ്ങിയത്. ലഹരി കേസില്‍ പോലിസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ ഒളിവില്‍ പോയ കുസുമിനെ ഇനിയും കണ്ടെത്താന്‍ പോലിസിന് ആയിട്ടില്ല.

'സുല്‍ത്താന്‍പുരിയുടെ ഡ്രഗ് ക്വീന്‍' എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസും സുല്‍ത്താന്‍പുരിയും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയാണ്. 12 എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയാണ് ഇവര്‍. മാസങ്ങള്‍ക്ക് മുന്‍പ് പോലീസ് നടത്തിയ റെയ്ഡില്‍ കുസുമിന്റെ മകന്‍ അമിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് 550 പാക്കറ്റ് ഹെറോയിനും ലഹരിഗുളികകളും 14 ലക്ഷം രൂപയും ഒരു കാറും പിടിച്ചെടുത്തു. അതേസമയം, കഴിഞ്ഞ മാര്‍ച്ച് മുതല്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുസും ഇപ്പോഴും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

മകനെ പിടികൂടിയതിന് പിന്നാലെ കുസുമിന്റെ രണ്ട് പെണ്‍മക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് പോലീസ് കണ്ടെത്തിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രണ്ടുകോടി രൂപയാണ് കുസുമിന്റെ പെണ്‍മക്കളുടെ അക്കൗണ്ടുകളിലെത്തിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം 70 ലക്ഷം രൂപയാണ് ഇവര്‍ക്ക് വിവിധ അക്കൗണ്ടുകളില്‍നിന്ന് അയച്ചുകിട്ടിയത്. ഇതെല്ലാം ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട പണമിടപാടുകളാണെന്നും പെണ്‍മക്കള്‍ക്ക് പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഡല്‍ഹിയിലെ ലഹരിശൃംഖലയിലെ മുഖ്യകണ്ണിയായ കുസുമിനെതിരേ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലേക്കും പോലീസ് നീങ്ങിയത്. സുല്‍ത്താന്‍പുരിയില്‍ കുസുമിന്റെ പേരില്‍ ഒരു 'ചെറിയ കൊട്ടാരം' തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. നാല് വ്യത്യസ്ത വീടുകള്‍ വാങ്ങി അതിനിടയിലെ ചുമരുകള്‍ നീക്കംചെയ്താണ് ഈ 'കൊട്ടാരം' തീര്‍ത്തിരുന്നത്. എട്ട് വസ്തുവകകളാണ് പോലീസ് കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. ഇതില്‍ ഏഴെണ്ണവും സുല്‍ത്താന്‍പുരിയിലും ഒരെണ്ണം രോഹിണി സെക്ടറിലുമാണ്.

അതിനാല്‍തന്നെ പുറത്തുനിന്ന് നോക്കിയാല്‍ ഇതൊരു വലിയ വീടാണെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. എന്നാല്‍, വീടിനകത്ത് വലിയ സൗകര്യങ്ങളടക്കം സജ്ജീകരിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News