ഷാര്‍ജയിലെ അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് പരിശോധന ഫലം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും; പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുമായി പൊലീസ്
ഷാര്‍ജയിലെ അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറന്‍സിക് പരിശോധന ഫലം
ജിദ്ദ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് പരിശോധന ഫലം. ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും. അതുല്യയുടെ രേഖകള്‍ ഭര്‍ത്താവ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ഏല്പിച്ചു. അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി അഖില ഷാര്‍ജ പോലീസിന് പരാതി നല്‍കിയിരുന്നു.
ഈമാസം 19-ന് പുലര്‍ച്ചെയാണ് അതുല്യ മരിച്ചത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങള്‍ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭര്‍ത്താവ് സതീഷ് വിലക്കിയിരുന്നുവെന്ന് അതുല്യയുടെ ബന്ധു ജിഷ രജിത്ത് വെളിപ്പെടുത്തിയിരുന്നു. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാള്‍ കാണുന്നതെന്നും ജിഷ പറഞ്ഞു. മകളെ വളര്‍ത്താന്‍ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാന്‍ അതുല്യ എല്ലാവരുടെയും മുന്നില്‍ അഭിനയിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറയുന്നു.
അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും ഭര്‍ത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാം. ഈ സാഹചര്യത്തില്‍ അതുല്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബന്ധുക്കളുടെ മൊഴി. ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
മദ്യപിച്ച് വീട്ടിലെത്തിയ ശേഷം തന്നെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. അതുല്യയുടെ പതിനേഴാമത്തെ വയസിലാണ് സതീഷുമായി വിവാഹം ഉറപ്പിച്ചത്. നിശ്ചയമടക്കം നടത്തിയ ശേഷം പിന്നീട് വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു.
അതുല്യയുടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക എട്ടംഗ അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന സംഘത്തിനാണ് മേല്‍നോട്ടം. അതുല്യയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതി സതീഷിനെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു.