മുണ്ടക്കയത്ത് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് കിടന്ന മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു; വാരിയെല്ലുകള്‍ തകര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Update: 2025-07-29 11:16 GMT

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ദേഹത്തുവീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഓടി മാറാനുള്ള ശ്രമം വിഫലമായി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരംമുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണ് സുരേഷിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവും. ഈ പരിസരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണിരുന്നു. ഈ മരങ്ങള്‍ വെട്ടിമാറ്റുന്ന ജോലിയാണ് ഇവര്‍ ചെയ്തു കൊണ്ടിരുന്നത്. ജോലിക്കിടെ മരംമുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സുരക്ഷാമാനദണ്ഡങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റതാണ് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്.

Tags:    

Similar News