'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അഞ്ച് പരാതികളില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആര്‍; വിവരങ്ങള്‍ പുറത്ത്; പരാതിക്കാരെല്ലാം മൂന്നാം കക്ഷികള്‍

'ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി, സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്തു'

Update: 2025-09-04 05:23 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുക, ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയക്കുക, ഫോണിലൂടെ ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. അതേസമയം, പരാതി നല്‍കിയിട്ടുള്ള അഞ്ച് പേരും കേസിലെ മൂന്നാം കക്ഷികളാണ്. ഇവര്‍ക്ക് കേസില്‍ നേരിട്ട് ബന്ധമില്ല. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും എഫ്.ഐ.ആറില്‍ പറയുന്നു.

ബിഎന്‍എസ് 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഈ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.

ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതിക്കാര്‍ ഇരയെ കുറിച്ച് തെളിവുകളോ കൈമാറിയാല്‍ അവരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.

അതിനിടെ സംഭവത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയെന്ന് കരുതപ്പെടുന്ന ബെംഗളൂരുവിലെ ആശുപത്രിയില്‍ നിന്നടക്കം ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി ഗര്‍ഭഛിദ്രം നടത്തിയത് ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചതായുള്ള സൂചനയും പുറത്ത് വന്നിരുന്നു. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചെന്ന വിവരവും ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.

ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിക്കിപീഡിയ പേജ് അജ്ഞാതര്‍ എഡിറ്റ് ചെയ്തു. മോശം പദപ്രയോഗങ്ങള്‍ പേരില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അടുത്തിടെ നടന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിക്കിപ്പീഡിയ പേജില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.വിക്കിപീഡിയ സ്വതന്ത്ര വിജ്ഞാനകോശമായതുകൊണ്ട് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാനാകും. അതിനാല്‍ത്തന്നെ ഇത് പൂര്‍ണമായും ശരിയല്ല. ഓരോ ഭാഷയിലെയും എഡിറ്റര്‍മാരാണ് ഇത് സംബന്ധിച്ച നിയമങ്ങള്‍ തീരുമാനിക്കാറുണ്ട്. ചില ഭാഷകളില്‍ ലോഗിന്‍ ചെയ്താല്‍ മാത്രമേ എഡിറ്റ് ചെയ്യാനാകൂ.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News