പാലക്കാട് പുതുനഗരത്തെ വീട്ടില്‍ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ എന്നും ബിജെപി; ഷരീഫിനെ രണ്ട് വര്‍ഷം മുമ്പ് പുറത്താക്കിയതെന്ന് എസ്ഡിപിഐ; പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ്; ഗുരുതര പരിക്കേറ്റ യുവാവും സഹോദരിയും ചികിത്സയില്‍
പാലക്കാട്: പുതുനഗരത്ത് വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്ക് ഗുരുതര പരിക്ക്. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ ഷരീഫ്, സഹോദരി ഷഹാന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് പൊലീസ് കണ്ടെത്തിയത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മറ്റു സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിനായില്ലെന്നും പരിക്കേറ്റ ഷരീഫ് പന്നിപ്പടക്കമുപയോഗിച്ച് പന്നികളെ പിടികൂടാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം സംഭവിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യത്തെ സംശയം. എന്നാല്‍, വീട്ടില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ പൊട്ടിത്തെറിച്ചത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു. വീട്ടിലെ പരിശോധനയില്‍ മറ്റു സ്ഫോടക വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, പൊട്ടിത്തെറിയില്‍ എസ്ഡിപിഐക്കെതിരേ ആരോപണവുമായി ബിജെപി രംഗത്തെത്തി. വീട്ടിനുള്ളില്‍ പൊട്ടിത്തെറിച്ചത് ബോംബാണെന്നും പിന്നില്‍ എസ്ഡിപിഐ ആണെന്നും ബിജെപി ആരോപിച്ചു. ഷരീഫ് ഉള്‍പ്പെട്ട വീട്ടുകാര്‍ എല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിക്കുന്നുണ്ട്. എന്നാല്‍, ഷരീഫ് ഉള്‍പ്പെടെ 12 പേരെ രണ്ടുവര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതാണെന്നും മാങ്ങോട് ലക്ഷം വീട് നഗറില്‍ നിലവില്‍ എസ്ഡിപിഐ അംഗങ്ങള്‍ ഇല്ലെന്നുമാണ് എസ്ഡിപിഐയുടെ വിശദീകരണം.
പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറിച്ച് തീ ആളിക്കത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബോംബ് സ്‌ക്വാഡും, ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്. വീട്ടില്‍ പൊട്ടിത്തെറി ഉണ്ടായി തീ ആളിക്കത്തുകയായിരുന്നു. പൊട്ടിത്തെറിയില്‍ പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ അവിടെ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷരീഫിന്റെ ശരീരത്തില്‍ പൊള്ളലിന് സമാനമായ മുറിവുകളുണ്ടെന്ന് പൊലീസ് പറയുന്നു.