ഉമ്മാ ഞാന്‍ രണ്ടാമത് ഗര്‍ഭിണി ആണ്; നൗഫല്‍ എന്റെ വയറ്റില്‍ കുറെ ചവിട്ടി; കുറെ ഉപദ്രവിച്ചു അപ്പോള്‍ എനിക്ക് വേദനിച്ചപ്പോള്‍ ഞാന്‍ നൗഫലിന്റെ കഴുത്തിന് പിടിച്ചു; നൗഫല്‍ നുണ പറഞ്ഞു; ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു; ഉമ്മ ഞാന്‍ മരിക്കുകയാണ്; ഈ സന്ദേശം പീഡനത്തിന് തെളിവ്; ഫസീലയുടെ മരണത്തിന് കാരണം നൗഫലിന്റെ സംശയം; ഇരിങ്ങാലക്കുടയില്‍ ഭര്‍ത്താവ് അറസ്റ്റിലാകുമ്പോള്‍

Update: 2025-07-30 06:41 GMT

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ വിശദ അന്വേഷണം നടത്തും. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവുകളും നൗഫലിന് എതിരാണ്. നൗഫലിന് സംശയ രോഗമുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്.

ചൊവ്വാഴ്ച ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫസീല രണ്ടാമത് ഗര്‍ഭിണിയായതിന് പിന്നാലെ ഭര്‍ത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്‌സ്അപ് സന്ദേശം അയച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് പത്ത് മാസം പ്രായമായ കുഞ്ഞുണ്ട്. നെടുക്കാടത്ത്കുന്ന് സ്വദേശിയാണ് നൗഫല്‍.

ഗര്‍ഭിണിയായ തന്നെ വയറ്റില്‍ ചവിട്ടിയെന്നും നിരന്തരം മര്‍ദിക്കുമായിരുന്നു എന്നുമാണ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭര്‍തൃമാതാവ് തെറി വിളിച്ചുവെന്നും അവര്‍ തന്നെ കൊല്ലുമെന്നും ഫസീല പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയ ഫസീലയുടെ കുടുംബത്തോട് നൗഫലിന്റെ വീട്ടുകാര്‍ വളരെ മോശമായാണ് സംസാരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഫസീലയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും ഒമ്പത് മാസവുമേ ആയിട്ടുള്ളു.

ഫസീല അയച്ച വാട്‌സപ്പ് സന്ദേശം പുറത്തായിട്ടുണ്ട്. 'ഉമ്മാ ഞാന്‍ രണ്ടാമത് ഗര്‍ഭിണി ആണ്. നൗഫല്‍ എന്റെ വയറ്റില്‍ കുറെ ചവിട്ടി. കുറെ ഉപദ്രവിച്ചു അപ്പോള്‍ എനിക്ക് വേദനിച്ചപ്പോള്‍ ഞാന്‍ നൗഫലിന്റെ കഴുത്തിന് പിടിച്ചു. നൗഫല്‍ നുണ പറഞ്ഞു. ഇവിടുത്തെ ഉമ്മ എന്നെ തെറി വിളിച്ചു. ഉമ്മ ഞാന്‍ മരിക്കുകയാണ്. എന്നെ അല്ലെങ്കില്‍ ഇവര്‍ കൊല്ലും. അസ്സലാമു അലൈക്കും. എന്റെ കൈ ഒക്കൊ നൗഫല്‍ പൊട്ടിച്ചു. പക്ഷേ എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ഇത് എന്റെ അപേക്ഷയാണ്' എന്നുള്ള സന്ദേശം പലതായിട്ടാണ് ഫസീല മാതാവിന് അയച്ചിരിക്കുന്നത്.

യുവതി രണ്ടാമതും ഗര്‍ഭിണിയായിരുന്നു എന്ന വിവരം മരിക്കാന്‍ പോകുന്നുവെന്ന സന്ദേശം വന്നപ്പോഴാണ് വീട്ടുകാര്‍ അറിഞ്ഞത്.കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പതിയാശേരി സ്വദേശി കാട്ടുപറമ്പില്‍ അബ്ദുള്‍ റഷീദിന്റെയും സെക്കീനയുടെയും മകളാണ് ഫസീല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. മകന്‍ - മുഹമ്മദ് സെയാന്‍ (ഒമ്പത് മാസം).

Tags:    

Similar News