വിവാഹിതനായ 40 കാരന് വീണ്ടും വിവാഹം; മുന്‍ കയ്യെടുത്തത് ഭാര്യ; വധു എട്ടാം ക്ലാസുകാരി; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിനെ അറിയിച്ച് അധ്യാപകന്‍; ശൈശവിവാഹത്തില്‍ കേസെടുത്തു; പുരോഹിതനെതിരെയും കേസ്

വിവാഹിതനായ 40 കാരന് വീണ്ടും വിവാഹം; മുന്‍ കയ്യെടുത്തത് ഭാര്യ

Update: 2025-07-31 13:10 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ 40 കാരനായ വിവാഹിതന്‍ രണ്ടാമതും വിവാഹം ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 13 വയസ്സുള്ള വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിലെ ഒരു അധ്യാപകനാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഹൈദരാബാദില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള നന്ദിഗമയിലാണ് സംഭവം. 40കാരനായ വരന്‍, ഭാര്യ, പുരോഹിതന്‍, ഇടനിലക്കാരന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തി.

വിവാഹത്തിന്റെ വീഡിയോ പ്രചരിച്ചിരുന്നു. വിവാഹ ചടങ്ങില്‍ ഇയാളുടെ ആദ്യത്തെ ഭാര്യയാണ് മേല്‍നോട്ടം വഹിച്ചത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍, പെണ്‍കുട്ടി മാലയുമായി 40 വയസുകാരന്റെ മുന്‍പില്‍ നില്‍ക്കുന്നതും ഇയാളുടെ ഭാര്യയും പുരോഹിതനും സമീപത്തു നില്‍ക്കുന്നതും കാണാം. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഒന്നാണ് ശൈശവ വിവാഹം. കൈലാഷ് സത്യാര്‍ത്ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശൈശവിവാഹം വ്യാപകമാണ്. ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണം വളരെയധികം വിജയിച്ച സംസ്ഥാനങ്ങളിലൊന്നാണ് അസം. 2021-22 നും 2023-24 നും ഇടയില്‍ അസമിലെ 20 ജില്ലകളിലായി ശൈശവ വിവാഹ കേസുകളില്‍ 81 ശതമാനം കുറവുണ്ടായതായി ഇന്ത്യ ചൈല്‍ഡ് പ്രൊട്ടക്ഷന്റെ 2024 ജൂലൈയിലെ റിപ്പോര്‍ട്ട് പറയുന്നു.

Similar News