മകന്‍ വിദേശത്ത് നിന്നും വരുന്ന ദിവസം ദമ്പതികളുടെ മരണം; രാത്രി വെളിച്ചം അടക്കം ദുരൂഹം; വൃദ്ധ ദമ്പതികളെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം അവ്യക്തം; മന്ത്രി ശശീന്ദ്രന്റെ സഹോദരി പുത്രിയ്ക്ക് സംഭവിച്ചത് എന്ത്? അലവില്‍ ഞെട്ടലില്‍

Update: 2025-08-29 02:26 GMT

കണ്ണൂര്‍: വൃദ്ധ ദമ്പതികളെ പൊളളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ മാറുന്നില്ല. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണ്ണായകമാകും. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദര പുത്രിയാണ് ശ്രീലേഖ. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇതും ദുരൂഹത കൂട്ടുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിലുളള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മക്കള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ക്കടുത്തു നിന്ന് ചുറ്റികയും ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. ശ്രീലേഖയുടെ തലയ്ക്ക് പിറകില്‍ മുറിവുളളതായി കണ്ടെത്തിയിട്ടുണ്ട്.

ഇത് അടിയേറ്റ് വീണപ്പോള്‍ ഉണ്ടായതാകാം. ഇന്നലെ തന്നെ ദമ്പതികളുടെ മകന്‍ വിദേശത്ത് നിന്ന് എത്തിയിരുന്നു. അതേസമയം, ഇരുവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല. മറ്റുതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇവരുടെ മകനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരാന്‍ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവര്‍ സരോഷ് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടിയ നിലയിലും മുറിയില്‍ രക്തവും കണ്ടെന്നും ഡ്രൈവര്‍ പറഞ്ഞു.

ബഹ്‌റൈനിലുള്ള മകന്‍ ഷിബിന്‍ വ്യാഴാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛനെയും അമ്മയെയും കാറില്‍ കൂട്ടി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടാനാണ് ഡ്രൈവര്‍ അലവിലുള്ള വീട്ടിലെത്തിയത്. മറ്റൊരു മകന്‍ പ്രബിത്ത് അവധികഴിഞ്ഞ് ഓസ്‌ട്രേലിയയിലേക്ക് കഴിഞ്ഞാഴ്ചയാണ് തിരിച്ചുപോയത്. കണ്ണൂര്‍ ഹോട്ടല്‍ സാവോയിയിലെ മുന്‍ മാനേജരായിരുന്നു പ്രേമരാജന്‍.

പ്രേമരാജന്റെ സഹോദരങ്ങള്‍: പ്രകാശന്‍, രമേശ് ബാബു, രത്‌നാകരന്‍, ഉഷ, പരേതനായ പ്രസന്നന്‍. കണ്ണൂര്‍ എടച്ചേരി സ്വദേശിനിയായ പരേതരായ എ.കെ.ശങ്കരന്റെയും ചന്ദ്രമതിയുടെയും മകളാണ് ശ്രീലേഖ. സഹോദരങ്ങള്‍: ശ്രീജ, പരേതനായ ചന്ദ്രമോഹന്‍.

വ്യാഴാഴ്ച രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് അയല്‍വാസി സവാദ് പറഞ്ഞു. വിളിച്ച് കിട്ടാതായതോടെ വൈകിട്ട് മരുമകള്‍ വിഞ്ജു തന്റെ സഹോദരിയെ വിളിച്ചതുപ്രകാരം പോയിനോക്കുമ്പോഴാണ് മറ്റുള്ളവര്‍ വീടുതുറക്കുന്നത് കണ്ടത്. ബുധനാഴ്ചയും ഇരുവരെയും പുറത്ത് കണ്ടിരുന്നില്ലെങ്കിലും തന്റെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സവാദ് ഓര്‍ക്കുന്നു.

രാത്രി വൈകിയിട്ടും പതിവില്ലാതെ വീട്ടില്‍ വെളിച്ചം കണ്ടിരുന്നുവെന്നും സവാദ് പറഞ്ഞു. മുഴുവന്‍ സമയം വീട്ടിലും മറ്റും വിവിധ ജോലികളിലേര്‍പ്പെട്ട് ഊര്‍ജ്ജസ്വലരായിരുന്നു ഇരുവരുമെന്ന് അയല്‍വാസികള്‍ പറയുന്നു. എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ച ഇരുവരുടെയും വേര്‍പാട് വിശ്വസിക്കാനാകാതെ വിങ്ങുകയാണ് അവരെല്ലാം.

Tags:    

Similar News