സ്ത്രീധനമായി നല്‍കിയത് 35 ലക്ഷം രൂപയും 19 പവനും; എന്നിട്ടും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്ത് 27 കാരി; യുവതി ആത്മഹത്യ ചെയ്തത് ഒന്നരമാസം ഗര്‍ഭിണിയായിരിക്കെ: ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധനത്തിനായി നിരന്തര പീഡനം, 27കാരി ടെക്കിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Update: 2025-08-29 00:05 GMT

ബെംഗളൂരു: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്നു 27കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നരമാസം ഗര്‍ഭിണിയായിരുന്ന ഐടി കമ്പനി ജീവനക്കാരിയായ ബെംഗളൂരു സദഗുണ്ടെപാല്യയിലെ ശില്‍പയാണ് ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനത്തിനൊടുവില്‍ മരണത്തിന് കീഴടങ്ങിയത്. ശില്‍പയുടെ മരണത്തില്‍ ഭര്‍ത്താവ് പ്രവീണിനെ പോലിസ് അറസ്റ്റു ചെയ്തു

2022 ഡിസംബറിലായിരുന്നു പ്രവീണും ശില്‍പ്പയും തമ്മിലുളള വിവാഹം നടന്നത്. വിവാഹ സമയത്ത് 35 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയെന്ന് ശില്‍പ്പയുടെ കുടുംബം പറയുന്നു. പിന്നീട് ഭര്ത്താവും ഭര്‍തൃമാതാവും ബഹളം വെച്ചതിനെ തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ കൂടി നല്‍കി. എന്നിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡനം തുടര്‍ന്നതോടെയാണ് ശില്‍പ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്.

ഐടി കമ്പനി ജീവനക്കാരനായിരുന്ന പ്രവീണ്‍ പിന്നീട് രാജിവച്ച് പാനിപൂരി വില്‍ക്കുന്ന ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. ഇതിനിടെ ദമ്പതികള്‍ക്ക് ഒരു മകനും ജനിച്ചു. ഇതിന് ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടര്‍ന്നു. പ്രവീണും അമ്മ ശാന്തവ്വയും ചേര്‍ന്ന് അഞ്ചു ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്നു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. പണം കിട്ടാതായതോടെ പ്രവീണിന്റെ കുടുംബം ശില്‍പ്പയെ സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു.

സ്വന്ചം വീട്ടിലേക്ക് പോയെങ്കിലും ശില്‍പയുടെ വീട്ടുകാര്‍ കഷ്ടപ്പെട്ടു പണം കണ്ടെത്തി മകളെ ഭര്‍ത്താവിന്റെ വീട്ടിലേക്കു തന്നെ തിരികെ അയച്ചു. പക്ഷേ, കൂടുതല്‍ പണം ആവശ്യപ്പെട്ട് ഇവര്‍ പീഡനം തുടര്‍ന്നതോടെയാണ് ശില്‍പ ആത്മഹത്യയില്‍ അഭയം പ്രാപിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ശില്‍പ്പ ആത്മഹത്യ ചെയ്‌തെന്ന വിവരം പ്രവീണിന്റെ വീട്ടുകാര്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ശില്‍പ്പയുടെ വീട്ടുകാര്‍ കണ്ടത് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ മകളുടെ ജീവനറ്റ ശരീരമായിരുന്നു. തുടര്‍ന്ന് ശാരദയുടെ പരാതിയില്‍ കേസെടുത്ത് പ്രവീണിനെ അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നു പൊലീസ് പറഞ്ഞു.

Tags:    

Similar News