പള്ളിപ്പുറത്തെ വീട്ടു വളപ്പില്‍ മൂന്നു വര്‍ഷം മുമ്പ് ഒരു കിണര്‍ മൂടി ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും; ഡിഎന്‍എ ഫലം വൈകുന്നതും പ്രതിസന്ധി; എല്ലാ ചോദ്യത്തിനും 'നോ' എന്ന ഉത്തരം പറഞ്ഞ് ചേര്‍ത്തലയിലെ അമ്മാവന്‍; ഒരു തിരോധാന കേസിലും പോലീസിന് തുമ്പൊന്നും ഇതുവരെ കടിയില്ല; കേരളം കണ്ട ഏറ്റവും മികച്ച പഠിച്ച കള്ളനായി സെബാസ്റ്റിയന്‍ മാറുമ്പോള്‍

Update: 2025-08-14 01:04 GMT

കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനെതിരെ ഉടന്‍ നിര്‍ണ്ണായക തെളിവ് കിട്ടുമെന്ന പ്രതീക്ഷയില്‍ അന്വേഷണ സംഘം. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷണത്തിനിടെയിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയന്‍ പിടിയിലായത്. കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യലില്‍ പ്രിതി കുറ്റം സമ്മതിച്ചില്ല. ജെയ്നമ്മയെ സെബാസ്റ്റിയന്‍ കൊലപ്പെടുത്തിയതിന് നിര്‍ണായകതെളിവ് ലഭിച്ചിട്ടുണ്ട്. പിന്നാലെയാണ് സെബാസ്റ്റിയനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. സെബാസ്റ്റിയന്റെ വീട്ടുവളപ്പില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അസ്ഥിക്കഷണം സംബന്ധിച്ച നിര്‍ണായക ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ജെയ്നമ്മയുടെ മാത്രമല്ല, ബിന്ദു പത്മനാഭന്റെയും ഐഷയുടെയും രക്തസാമ്പിള്‍ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്. ചേര്‍ത്തലയില്‍ വസ്തു കച്ചവടക്കാരനായ സെബാസ്റ്റ്യനെ അമ്മാവന്‍ എന്നാണ് ഏവരും വിളിക്കുന്നത്.

സെബാസ്റ്റ്യനെ 26 വരെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ശേഷമാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി സെബാസ്റ്റ്യനെ റിമാന്‍ഡില്‍ വിട്ടത്. അതേസമയം സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം ലഭിച്ചതിന് ശേഷമായിരിക്കും ക്രൈം ബ്രാഞ്ചിന്റെ തുടര്‍നടപടികള്‍. റിമാന്‍ഡില്‍ വിട്ടതിന് പിന്നാലെ സെബാസ്റ്റ്യനെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി. രണ്ടാംഘട്ട തെളിവെടുപ്പിനും ചോദ്യംചെയ്യലിനും കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും അന്വേഷണവുമായി സഹകരിക്കാത്ത സമീപനമായിരുന്നു പ്രതിയുടേത്. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ മൂന്നുവര്‍ഷംമുമ്പ് ഒരു കിണര്‍ മൂടിയെന്ന വിവരം ലഭിച്ചിരുന്നു. ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും. സെബാസ്റ്റിയന്റെ സഹോദരന്റെ പേരില്‍ ചേര്‍ത്തല നഗരത്തിലുള്ള പുരയിടത്തിലും പരിശോധനയുണ്ടാകും. ചേര്‍ത്തല സ്വദേശിനികളായ ബിന്ദു പത്മനാഭന്‍, ഐഷ എന്നിവരുടെ തിരോധാനക്കേസില്‍ ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല.

ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നില്‍ സെബാസ്റ്റിയനാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്വേഷകസംഘം സ്ഥിരീകരിച്ചതാണ്. എന്നാല്‍ കൃത്യമായ തെളിവ് ലഭിക്കാത്തതാണ് പ്രതിസന്ധി. ബിന്ദു ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പിച്ചാണ് അവരുടെ കോടികള്‍ വിലയുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി സെബാസ്റ്റിയന്‍ വിറ്റത്. ഐഷയുടെ തിരോധാനത്തില്‍ അവരുടെ അടുപ്പക്കാരായ മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകും. കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരിക്കാം എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. മൃതദേഹങ്ങള്‍ ഇയാള്‍ എവിടെയാണു മറവു ചെയ്തിരിക്കുന്നത് എന്നു കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു സ്വത്തുവിവരങ്ങള്‍ ശേഖരിക്കുന്നത്.

ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയെ (ജെയ്ന്‍ മാത്യു54) കാണാതായ കേസില്‍ പ്രതിയായ സെബാസ്റ്റ്യന്‍ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ(57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും സംശയനിഴലിലാണ്. ജെയ്‌നമ്മയുടെ തിരോധാനം അന്വേഷിക്കുന്ന കോട്ടയം ക്രൈം ബ്രാഞ്ച് പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചിട്ടില്ലെങ്കിലും ഇതു ജയ്‌നമ്മയുടെ മൃതദേഹാവശിഷ്ടമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ബിന്ദു പത്മനാഭനെ 2006 മുതലും ഐഷയെ 2012 മുതലും കാണാനില്ലെങ്കിലും ഇവരുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണസംഘം നേരിടുന്ന വെല്ലുവിളി. ഇതു മറികടക്കാനാണ് സെബാസ്റ്റ്യന്‍ മൃതദേഹം മറവു ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റര്‍ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ജെയ്‌നമ്മയെ കാണാതായ 2024 ഡിസംബര്‍ 23നു രാത്രിയാണു ചേര്‍ത്തലയിലുള്ള കടയില്‍ നിന്ന് റഫ്രിജറേറ്റര്‍ വാങ്ങിയത്. റഫ്രിജറേറ്റര്‍ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടില്‍ നിന്നു കണ്ടെത്തി. ജെയ്‌നമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈം ബ്രാഞ്ച് സംഘം സെബാസ്റ്റ്യനുമായി ഇന്നലെ ചേര്‍ത്തലയിലെ ഗൃഹോപകരണ വില്‍പനകേന്ദ്രത്തില്‍ തെളിവെടുപ്പ് നടത്തി.ഡിസംബര്‍ 23നാണ് ജെയ്‌നമ്മയുടെ പൊട്ടിയ മാല സെബാസ്റ്റ്യന്‍ സഹായി മനോജിന്റെ പേരില്‍ ചേര്‍ത്തലയിലെ സഹകരണ ബാങ്കില്‍ പണയം വച്ചത്. ഇതില്‍ നിന്നും കിട്ടിയ 1,25,000 രൂപയില്‍ നിന്നു 17,500 രൂപ നല്‍കിയാണ് അന്നു രാത്രി 7.30ന് റഫ്രിജറേറ്റര്‍ വാങ്ങിയത്.

ഏറ്റുമാനൂരിലെ വീട്ടിലേക്ക് ചേര്‍ത്തലയില്‍ നിന്നു റഫ്രിജറേറ്റര്‍ വാങ്ങിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്. സെബാസ്റ്റ്യന്റെ സഹായി മനോജിന്റെ ഓട്ടോറിക്ഷയിലാണു റഫ്രിജറേറ്റര്‍ ഏറ്റുമാനൂരിലേക്കു കൊണ്ടുപോയത്.സെബാസ്റ്റ്യന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ചേര്‍ത്തല നഗരത്തിനു സമീപത്തുള്ള ഭൂമിയിലും സെബാസ്റ്റ്യനെ എത്തിച്ചു പരിശോധന നടത്തി. സഹോദരന്‍ വിദേശത്തായതിനാല്‍ സ്ഥലത്തിന്റെ മേല്‍നോട്ടം സെബാസ്റ്റ്യനായിരുന്നു. ഇതു വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ആള്‍ത്താമസമില്ലാതെ വര്‍ഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന സ്ഥലം അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസവും ഇവിടെ പരിശോധന നടത്തിയിരുന്നു. മൃതദേഹ ഭാഗങ്ങള്‍ ഇവിടെ മറവു ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

Tags:    

Similar News