പെണ്‍സുഹൃത്തിനൊപ്പം കഫറ്റേറിയയില്‍ സംസാരിച്ചിരിക്കവെ ആള്‍ക്കൂട്ട ആക്രമണം; നഖങ്ങള്‍ പറിച്ചെടുത്തു; തലയ്ക്കും സ്വകാര്യഭാഗത്തും മുറിവ്; യുവാവിന് ദാരുണാന്ത്യം; എട്ട് പേര്‍ അറസ്റ്റില്‍
ജല്‍ഗാവ്: പെണ്‍സുഹൃത്തിനൊപ്പം ഇരുന്ന 20കാരനെ ആള്‍ക്കൂട്ടമര്‍ദനത്തിലൂടെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് സംഭവം .പതിനേഴുകാരിയായ പെണ്‍സുഹൃത്തിനൊപ്പം കഫറ്റേറിയയില്‍ സംസാരിച്ചിരിക്കുകയായിരുന്ന സുലൈമാന്‍ ഖാനെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത് . കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
കഫറ്റേറിയയില്‍ അതിക്രമിച്ച് കയറിയ സംഘം സുലൈമാനുമായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായോടെ യുവാവിനെ ആള്‍ക്കൂട്ടം സമീപത്തുള്ള ഗ്രാമത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി ആക്രമിച്ചു. സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ യുവാവിന് ക്രൂരമായി മര്‍ദനമേറ്റു. അച്ഛനും അമ്മയും യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിച്ചു. സുലൈമാന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
പൊലീസ് സ്റ്റേഷനു സമീപത്തുവച്ചാണ് സുലൈമാന്‍ ആക്രമണത്തിന് ഇരയായതെന്ന് അമ്മാവന്‍ സാബിര്‍ ഖാന്‍ എന്‍ഡിടിവിയോട് പറഞ്ഞു. അവന്റെ നഖങ്ങള്‍ പോലും പറിച്ചെടുത്തു. ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവേറ്റ പാടുണ്ട്. ഏഴു മണിക്കൂര്‍ ആക്രമിച്ചതിനുശേഷം അവനെ വീടിന് മുന്നില്‍ ഉപേക്ഷിച്ചു. വീടിന് മുന്നില്‍ വച്ച് വീണ്ടും മര്‍ദിച്ചു. രക്ഷിക്കാന്‍ ഓടിവന്ന അച്ഛനേയും അമ്മയേയും മര്‍ദിച്ചു. കുടുംബത്തിന് നീതി ലഭിക്കണമെന്നും സാബിര്‍ ഖാന്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. ആള്‍ക്കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കേസിലുള്‍പ്പെട്ട് ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. അറസ്റ്റ് ചെയ്?ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കി.