തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന സമയത്ത് പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തി; വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചു; വയനാട് സ്വദേശിനിയുടെ പരാതിയില്‍ യുവാവിനെ ഒഡീഷയിലെത്തി പിടികൂടി പൊലീസ്

വയനാട് സ്വദേശിനിയുടെ പരാതിയില്‍ യുവാവിനെ ഒഡീഷയിലെത്തി പിടികൂടി പൊലീസ്

Update: 2025-08-17 10:44 GMT

കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ടുകളിലൂടെ വയനാട് സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബര്‍ പൊലീസ്. സുപര്‍നപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക് (27) നെയാണ് പിടികൂടിയത്.

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ നമ്പര്‍ അടക്കം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇയാള്‍ യുവതിയെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഒഡീഷയിലേക്ക് തിരികെ പോയ പ്രതി വീണ്ടും യുവതിയോട് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് മുമ്പ് കൈവശപ്പെടുത്തിയ ദൃശ്യങ്ങള്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ അടക്കം ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഷാജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഒഡീഷയിലെ ഉള്‍ഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലര്‍ച്ചെ വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. എ എസ് ഐമാരായ കെ റസാഖ്, പി പി ഹാരിസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിന്‍രാജ്, അരുണ്‍ അരവിന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Similar News