തടവുകാരെ സന്ദര്‍ശിച്ച് സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും; സ്‌പോട്ടില്‍ കൃത്യമായി മതിലിനുളളിലേക്ക് എറിഞ്ഞുകൊടുക്കും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള ലഹരി കടത്തിന് പിന്നില്‍ മുന്‍ തടവുകാര്‍; റാക്കറ്റിലെ മുഖ്യ കണ്ണി മജീഫ് ജയിലിലെ സ്ഥിരം വിസിറ്റര്‍
ജയിലിലേക്കുള്ള നിരോധിത ലഹരി കടത്തിന് പിന്നില്‍ മുന്‍ തടവുകാര്‍ക്ക് പങ്ക്
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള നിരോധിത ലഹരി കടത്തിന് പിന്നില്‍ മുന്‍ തടവുകാര്‍ക്ക് പങ്ക്. ഇതുപൊലിസിനും ജയില്‍ അധികൃതര്‍ക്കും തലവേദനയാകുകയാണ്. ജയില്‍മോചിതരായ തടവുകാരുടെ വന്‍ റാക്കറ്റ് തന്നെ ജയിലിനകത്തേക്ക് ലഹരി കടത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.
പള്ളിക്കുന്നിലുള്ള സെന്‍ട്രല്‍ ജയിലിന്റെ കൂറ്റന്‍ മതില്‍ കടത്തിയാണ് റോഡരികില്‍ നിന്നും കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ ഇവര്‍ മുന്‍കുട്ടി നിശ്ചയിച്ച സ്‌പോട്ടു നോക്കി എറിഞ്ഞു കൊടുക്കുന്നത്. എട്ടുകെട്ട് ബീഡിയാണ് മൂന്നംഗ സംഘം കഴിഞ്ഞ ദിവസം എറിഞ്ഞു നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരിയെത്തിക്കാന്‍ ശ്രമം നടന്നത്. ഉദ്യോഗസ്ഥരെ കണ്ടതും ഇവര്‍ ഓടി രക്ഷപ്പെട്ടു. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരിയെത്തിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. സംഘത്തിലെ പ്രധാനി മജീഫാണ് പിടിയിലായത്. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് മജീഫ്.
മൊബൈല്‍ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലില്‍ എത്തിക്കാന്‍ പുറത്ത് വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. അതിന് നേതൃത്വം നല്‍കുന്നത് സെന്‍ട്രല്‍ ജയിലിലെ മുന്‍ തടവുകാരാണെന്നാണ് കണ്ടെത്തല്‍. ജയിലും പരിസരവും നന്നായി അറിയുന്ന ഇവര്‍ കടത്തിനായി വ്യക്തമായ പ്ലാനുണ്ടാക്കും. തടവുകാരുടെ വിസിറ്റേഴ്‌സായി ജയിലില്‍ എത്തി സാധനങ്ങള്‍ എറിഞ്ഞു നല്‍കേണ്ട സ്ഥലവും സമയവും നിശ്ചയിക്കും.
തുടര്‍ന്ന് ഈ വിവരം കൂലിക്ക് എറിഞ്ഞുനല്‍കുന്നവര്‍ക്ക് കൈമാറും. തടവുകാരുടെ ബന്ധുക്കളിലൂടെയും, സുഹൃത്തുക്കളിലൂടെയും ജയിലില്‍ എത്തിച്ച സാധനങ്ങളുടെ പണം സംഘത്തിന് ലഭിക്കും. ജയിലില്‍ നിന്ന് ഫോണിലൂടെയും വിവരങ്ങള്‍ പുറത്തേക്ക് കൈമാറുന്നുണ്ട്. ജയിലില്‍ എത്തുന്ന ലഹരി മരുന്നുകളും, മദ്യവും തടവുകാര്‍ക്ക് വില്‍പ്പന നടത്താന്‍ പ്രത്യേക സംഘം അകത്തുമുണ്ട്. മൊബൈല്‍ ഫോണ്‍ എറിയുന്നതിനിടെ പിടിയിലായ ഒന്നാം പ്രതി പുതിയ തെരു പനങ്കാവ് സ്വദേശി അക്ഷയിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ലഹരി വില്‍പ്പന കേസില്‍ നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട് മജീഫ്. ഈ പരിചയം ഉപയോഗിച്ചാണ് പുറത്തിറങ്ങിയപ്പോള്‍ ലഹരി കടത്തിന് നേതൃത്വം നല്‍കിയത്.