ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള കുറുക്ക് വഴി; സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടംവാങ്ങിയും ചൂതാട്ടം; കൗണ്‍സിലിങ് നടത്തിയിട്ടും കുരുക്കഴിഞ്ഞില്ല; സ്‌കൂള്‍ ജീവനക്കാരന്റെ ജീവനെടുത്തത് സുഹൃത്ത് പരിചയപ്പെടുത്തിയ ഓണ്‍ലൈന്‍ ഗെയിം

Update: 2025-08-18 15:19 GMT

കൊല്ലം: പത്തനാപുരത്ത് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയെന്ന് ബന്ധുക്കള്‍. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു മരിച്ച ടോണി. ഗെയിമുകള്‍ കളിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പ് സുഹൃത്ത് മൊബൈല്‍ ഫോണില്‍ പരിചയപ്പെടുത്തി നല്‍കിയ ഓണ്‍ലൈന്‍ ഗെയിമാണ് യുവാവിന് വിനയായത്. അച്ഛന്റെ മരണത്തോടെയാണ് മലപ്പുറം പോത്തുകല്‍ മുതുകുളം ഈട്ടിക്കല്‍ ടോണി ഓണ്‍ലൈന്‍ ഗെയിം ചൂതാട്ടത്തിലേക്ക് വഴുതി വീണത്. ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള കുറുക്ക് വഴിയായാണ് ടോണി ഗെയിമിനെ കണ്ടത്. ആദ്യം ഒന്നോ രണ്ടോ തവണ 1600 രൂപ വീതം ലഭിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പിതാവ് കുഞ്ഞുമോന്‍ തോമസ് ജോലി ചെയ്തിരുന്ന പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളില്‍ ടോണിക്ക് ഒന്നര വര്‍ഷം മുന്‍പാണ് പ്യൂണ്‍ പോസ്റ്റില്‍ ടോണിക്ക് നിയമനം ലഭിച്ചത്. ജോലിക്ക് കയറിയെങ്കിലും ഓണ്‍ ലൈന്‍ ഗെയിം ഹരമായി കൊണ്ടുനടന്നു. അധ്യാപകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പണം കടം വാങ്ങി. പലപ്പോഴും ശമ്പളം വാങ്ങി കടം തിരിച്ചു കൊടുത്തു, പിന്നെയും വാങ്ങി... ഇങ്ങനെ ഓണ്‍ലൈന്‍ ഗെയിം കടക്കെണിയിലാക്കി.

ആറ് മാസം മുന്‍പ് വീട്ടുകാര്‍ ഇടപ്പെട്ട് ടോണിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. മൂന്ന് മാസത്തെ അവധി എടുത്താണ് ടോണിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ശേഷം നിലമ്പൂരില്‍ നിന്നും ടോണി പത്തനാപുരത്തേക്ക് വരുമ്പോള്‍ സാധാരണ ഫോണ്‍ ആണ് വീട്ടുകാര്‍ വാങ്ങികൊടുത്തു വിട്ടത്. സ്‌കൂളില്‍ ജോലിക്ക് പോകുമ്പോഴും ഇതേ ഫോണ്‍ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് സഹപ്രവര്‍ത്തകരും പറയുന്നു.

എന്നാല്‍, ആരുമറിയാതെ ടോണി പത്തനാപുരത്ത് എത്തിയ ശേഷം ഗെയിമിനായി മറ്റൊരു ഫോണ്‍ വാങ്ങി. ടൗണില്‍ നെടുമ്പറമ്പ് ജങ്ഷനോട് ചേര്‍ന്ന് ഒറ്റക്ക് ഒരു ഫ്‌ലാറ്റില്‍ ആണ് ടോണി താമസം. കഴിഞ്ഞ രാത്രിയില്‍ ടോണി താമസിക്കുന്ന ഫ്‌ലാറ്റിന്റെ ഉടമയായ ഷാനവാസില്‍ നിന്ന് 2000 രൂപ കടംവാങ്ങിയിരുന്നു.

'എനിക്ക് വയ്യ, എനിക്ക് ഇനി പഴയത് പോലെ ആകാന്‍ കഴിയുമെന്ന് തോന്നുന്നില്ല, എനിക്ക് പറ്റില്ല.. ദൈവമേ എന്തിനാ എനിക്ക് ഇങ്ങനെ വരുത്തിയത്''. ടോണിയുടെ റൂമില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. അമ്മയെയും സഹോദരിയെയും തനിച്ചാക്കി പോകുമ്പോള്‍ അവസാനമായി ടോണി എഴുതിയ ആ വാക്കുകളില്‍ കുറ്റബോധം നിറയുന്നുണ്ട്. മനുഷ്യ ജീവനുകളെ കാര്‍ന്നെടുക്കുന്ന കാന്‍സര്‍ രോഗം പോലെയാണ് ഓണ്‍ലൈന്‍ ചൂതാട്ടമെന്നും ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയമപരമായി നിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

എന്നും രാവിലെ ടോണിയാണ് സ്‌കൂള്‍ തുറന്നിരുന്നത്. എന്നാല്‍ ഇന്ന് പതിവ് സമയം കഴിഞ്ഞിട്ടും സ്‌കൂളിന്റെ പ്രധാന കവാടം അടച്ചത് കണ്ട് മറ്റു ജീവനക്കാര്‍ ടോണിയെ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതേതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ടോണി താമസിക്കുന്ന ടൗണിലെ ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു. മുറി അകത്തു നിന്ന് പൂട്ടിയതിനാല്‍ മറ്റൊരു താക്കോല്‍ ഉടമയില്‍നിന്ന് വാങ്ങി തുറന്നപ്പോള്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ ടോണിയെ കണ്ടെത്തുകയായിരുന്നു.

പാരിപ്പള്ളി ആശുപത്രിയില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിതാവ്: പരേതനായ കുഞ്ഞുമോന്‍ തോമസ്. മാതാവ്: മറിയാമ്മ തോമസ്. ടീന ഏക സഹോദരിയാണ്.

Similar News