മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ വാഹനത്തിനു നേരെ ആക്രമണം; കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത് ലോറി ഡ്രൈവര്‍; വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍ വെച്ച് ഇടിച്ചെന്ന് ആരോപിച്ച് പിന്തുടര്‍ന്നെത്തി ആക്രമിച്ചത് വണ്ണപ്പുറം സ്വദേശി നജീബ്; കേസെടുത്തു പോലീസ്

മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ വാഹനത്തിനു നേരെ ആക്രമണം

Update: 2025-11-05 05:12 GMT

മൂവാറ്റുപുഴ: ഷംഷബാദ് രൂപത ബിഷപ്പ് ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. ലോറിയില്‍ തട്ടിയെന്ന പേരിലാണ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ മൂവാറ്റുപുഴയില്‍ വെച്ച് ആക്രമണം ഉണ്ടായത്. ഒരു ലോറി ഡ്രൈവറാണ് ആക്രമണത്തിന് പിന്നില്‍.

വെള്ളൂര്‍കുന്നം സിഗ്‌നല്‍ ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബിഷപ്പിന്റെ വാഹനം വിമാനത്താവളത്തില്‍നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍വെച്ച് ഇടിച്ചെന്ന് ആരോപിച്ചാണ് ആക്രമണം. ഇതേ തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്തിന് സമീപം ബിഷപ്പിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത്.

പാലായിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. സംഭവവത്തില്‍ ബിഷപ്പ് പരാതി നല്‍കിയിരുന്നില്ല. പിന്നീട് വിവരം അറിഞ്ഞ പോലീസ് ലോറിഡ്രൈവറെ തേടി അന്വേഷണം നടത്തി. പോലീസ് അന്വേഷണത്തില്‍ വണ്ണപ്പുറം കഞ്ഞിക്കുഴി വെള്ളാപ്പിള്ളില്‍ അന്‍വര്‍ നജീബ് (25) ആണ് ആക്രമണം നടത്തിയത് എന്ന് മനസ്സിലായി. ഇതോടെ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്നു മൂവാറ്റുപുഴ പോലീസ് പറഞ്ഞു.

ബിഷപ്പിന്റെ കാര്‍ ആക്രമിച്ച സംഭവത്തെ അപലപിച്ചു രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നു. മുവാറ്റുപുഴയില്‍ ബിഷപ്പ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണ ഉണ്ടായതില്‍ പ്രതിഷേധിക്കുന്നതായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. അഭിവന്ദ്യ പിതാക്കന്മാര്‍ പോലും തെരുവില്‍ ആക്രമിക്കപ്പെടുന്ന സ്ഥിതി പോലീസ് ഗൗരവമായി കാണണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം , സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

Tags:    

Similar News