ഭര്‍ത്താവ് മരിച്ചതോടെ ബന്ധുവായ യുവാവിനൊപ്പം താമസം; കുടുംബം എതിര്‍ത്തതോടെ ഒളിച്ചോടി; വിവാഹ വാഗ്ദാനം നല്‍കി മകളെയും 21-കാരനെയും വിളിച്ചുവരുത്തി; ബൈക്കില്‍ സഞ്ചരിക്കവെ യുവാവിനെ കാറിടിപ്പിച്ച് കൊന്നു

Update: 2025-08-18 16:55 GMT

മധുര: മകളുടെ പങ്കാളിയായ ബന്ധുവായ യുവാവിനെയും കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ പിതാവ് അറസ്റ്റില്‍. യുവതിയുടെ പിതാവും മധുര സ്വദേശിയുമായ അഴകറിനെ(58)യാണ് പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളുടെ മകള്‍ രാഘവി(24), ബന്ധുവും ലിവ് ഇന്‍ പങ്കാളിയുമായ സതീഷ്‌കുമാര്‍(21) എന്നിവരെയാണ് കാറിടിപ്പിച്ചുവീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ സതീഷ്‌കുമാര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാഘവി ആശുപത്രിയില്‍ ചികിത്സയിലാണ്. വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് മധുരയിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് ഇവരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ രാഘവിയുടെ സഹോദരന്‍ രാഹുല്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി മധുരയിലെ മേലൂരിന് സമീപം ഹൈവേയിലായിരുന്നു അതിദാരുണമായ സംഭവം. രാഘവിയും സതീഷ്‌കുമാറും ഒരുമിച്ച് ജീവിക്കുന്നത് ഇഷ്ടമല്ലാതിരുന്ന യുവതിയുടെ ബന്ധുക്കളാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കാറിടിപ്പിച്ച് വീഴ്ത്തിയത്. കാര്‍ കയറിയിറങ്ങി സതീഷ്‌കുമാര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാഘവി രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവ് മരിച്ചതോടെയാണ് രാഘവി, ബന്ധുവായ സതീഷ്‌കുമാറിനൊപ്പം താമസം ആരംഭിച്ചത്. പ്രായക്കുറവുള്ള യുവാവിനൊപ്പം മകള്‍ താമസിക്കുന്നത് രാഘവിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ ഇരുവരും തിരുച്ചിറപ്പള്ളിയിലേക്ക് ഒളിച്ചോടി. എന്നാല്‍, സതീഷ്‌കുമാറുമായുള്ള വിവാഹം നടത്തിത്തരാമെന്ന് ബന്ധുക്കള്‍ ഉറപ്പുനല്‍കിയതോടെ രാഘവി തിരികെ മധുരയിലെ വീട്ടിലെത്തി. പക്ഷേ, തിരികെയെത്തിയ രാഘവിയെ കുടുംബാംഗങ്ങള്‍ വീട്ടില്‍ പൂട്ടിയിടുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് രാഘവി ഇക്കാര്യം സതീഷ്‌കുമാറിനെ അറിയിച്ചു. ഇതോടെ രാഘവിയെ കൂട്ടിക്കൊണ്ടുപോകാനായി സതീഷ്‌കുമാര്‍ കഴിഞ്ഞദിവസം മധുരയിലെത്തി. എന്നാല്‍, രാഘവിയും സതീഷ്‌കുമാറും വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയുടെ വീട്ടുകാര്‍ മേലൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് എല്ലാവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പോലീസിന്റെ അന്വേഷണത്തില്‍ പരാതി കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ടതോടെ യുവതിയെയും യുവാവിനെയും വിട്ടയച്ചു. തുടര്‍ന്ന് രണ്ടുപേരും ബൈക്കില്‍ തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയുടെ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്ന് കാറിടിപ്പിച്ച് വീഴ്ത്തിയത്.

Similar News