'ഹേ..വാട്സപ്പ് ഹോമി..; ഗോ ടു യുവർ ലാൻഡ്..!!'; ഒരു കറുത്ത കാറിന് മുന്നിൽ രണ്ടു വൃദ്ധരെ തല്ലിച്ചതയ്ക്കുന്ന കാഴ്ച; കഴുത്തിന് കുത്തിപിടിച്ചും നോക്ഔട്ട് ചെയ്തും സ്ഥിരം ശൈലി; ഇതെല്ലാം പരിഭ്രാന്തിയോടെ കണ്ടുനിൽക്കുന്ന വഴിയാത്രക്കാർ; യുകെയില്‍ സിഖ് വയോധികർക്ക് നേരെ വംശീയ ആക്രമണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വോൾവർഹാംപ്ടൺ: ഒരു കറുത്ത കാറിന് മുന്നിൽ രണ്ടു വൃദ്ധരെ തല്ലിച്ചതയ്ക്കുന്ന കാഴ്ച കണ്ട് ആളുകൾ ഒന്ന് നടുങ്ങി. കഴുത്തിന് കുത്തിപിടിച്ചും നോക്ഔട്ട് ചെയ്തും സ്ഥിരം ശൈലി. ഇതെല്ലാം പരിഭ്രാന്തിയോടെ കണ്ടുനിൽക്കുന്ന വഴിയാത്രക്കാർ. യു.കെ യിലാണ് വീണ്ടും ആശങ്ക ഉയർത്തി വംശീയ ആക്രമണം നടന്നിരിക്കുന്നത്. യുകെയിലെ വോൾവർഹാംപ്ടണിൽ റെയിൽവേ സ്റ്റേഷന് പുറത്ത് രണ്ട് സിഖ് വയോധികർക്ക് നേരെ ക്രൂരമായ വംശീയ ആക്രമണം.
മൂന്ന് കൗമാരക്കാർ ചേർന്നാണ് ഇവരെ മർദിച്ചത്. വെള്ളിയാഴ്ചയുണ്ടായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ ഇരകളായ സിഖ് വയോധികരിൽ ഒരാളുടെ തലപ്പാവ് ബലമായി അഴിപ്പിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ഈ ആക്രമണത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദൽ ഈ ആക്രമണത്തെ 'ഭയാനകം' എന്ന് വിശേഷിപ്പിക്കുകയും വിഷയം ബ്രിട്ടീഷ് സർക്കാരുമായി ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടുകയും ചെയ്തു. "യുകെയിലെ വോൾവർഹാംപ്ടണിൽ രണ്ട് വൃദ്ധരായ സിഖ് പുരുഷന്മാർക്ക് നേരെയുണ്ടായ ഭീകരമായ ആക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു.
വംശീയ വിദ്വേഷ കുറ്റകൃത്യം ലക്ഷ്യമിടുന്നത് സിഖ് സമൂഹത്തെയാണ്. ദയയ്ക്കും അനുകമ്പയ്ക്കും പേരുകേട്ട സിഖ് സമൂഹം ലോകമെമ്പാടും സുരക്ഷയും ബഹുമാനവും അർഹിക്കുന്നു. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിനോടും യുകെ ഹോം ഓഫീസിനോടും വേഗത്തിൽ പ്രവർത്തിക്കാനും ഇരകൾക്ക് നീതി ലഭ്യമാക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കഴിഞ്ഞ മാസം അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലിനെതിരെ നടന്ന വംശീയ ആക്രമണത്തില്‍ പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. ആക്രമികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനില്‍ ആയിരക്കണക്കിനാളുകളാണ് ഒപ്പുവെച്ചിട്ടുള്ളത്. ഇന്ത്യന്‍ എംബസിയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു.
ആമസോണില്‍ ജോലി ചെയ്യുന്ന 40 കാരന് നേരെയായിരുന്നു കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ യാതൊരു പ്രകോപനവുമില്ലാതെ സൗത്ത് ഡബ്ലിനിലെ താലായില്‍ ആക്രമണമുണ്ടായത്. കേവലം മൂന്ന് ആഴ്ച മുമ്പാണ് ഇയാള്‍ ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റില്‍ അയര്‍ലന്‍ഡില്‍ എത്തിയത്. തമിഴ്നാട് സ്വദേശിയായ ഇദേഹത്തിന് ഭാര്യയും 11 മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.
കുറ്റവാളികള്‍ കൗമാരക്കാരായതിനാല്‍ നിയമനടപടികള്‍ മന്ദഗതിയിലാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെയും അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നേരെ ചെറുതും വലുതുമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. താല സംഭവത്തിന് ദൃക്സാക്ഷിയായ ജെന്നിഫര്‍ മുറെ എന്ന ഐറീഷ് വനിതയാണ് അക്രമണ വിവരം പോലീസിനെ അറിയിച്ചത്. നിഷ്‌കളങ്കനായ ഒരു വ്യക്തിയെ അതിക്രൂരമായി മര്‍ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്തതായി ജെന്നിഫര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.