പുലർച്ചെ വിജനമായ പ്രദേശത്തുകൂടി സൈക്കിളിൽ പാഞ്ഞ പെൺകുട്ടി; കിഴക്ക് സൂര്യനുദിക്കുന്ന കാഴ്ചകൾ കണ്ട് യാത്ര; പെട്ടെന്ന് സൈഡ് മിററിൽ തെളിഞ്ഞത് അജ്ഞാതരായ രണ്ടുപേർ; പേടിച്ച് സ്റ്റേഷനിലേക്ക് വിളിച്ചിട്ടും രക്ഷയില്ല; നിമിഷ നേരം കൊണ്ട് കൊടുംക്രൂരത
ആംസ്റ്റർഡാം: ഹോളണ്ടിൽ വെറും 17 വയസ്സുള്ള പെൺകുട്ടിയെ സൈക്കിൾ യാത്രയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യവ്യാപകമായി ഇപ്പോൾ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ വഴിയരികിലെ കാനയിൽ നിന്ന് കണ്ടെത്തിയ ലിസ എന്ന പെൺകുട്ടി തന്നെ പിന്തുടരുന്നതായി ആരോപിച്ച് പൊലീസിലേക്ക് വിളിക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓഗസ്റ്റ് 15-ന് ആംസ്റ്റർഡാമിൽ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നാല് ദിവസം മുമ്പ് അറസ്റ്റിലായ 22-കാരനായ അഭയാർത്ഥിയാണ് ഈ കൊലപാതകത്തിലെ പ്രധാന പ്രതിയെന്ന് പോലീസ് പറയുന്നു. ഇതിന് അഞ്ച് ദിവസം മുൻപ് ഇയാൾ മറ്റൊരു സ്ത്രീയെയും ആക്രമിച്ചതായി പറയപ്പെടുന്നു.
ഓഗസ്റ്റ് 20-ന് ലിസയെ ആക്രമിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ രണ്ട് വ്യക്തികളെയും പോലിസ് തിരയുന്നുണ്ട്. ഒരു സ്കൂട്ടർ യാത്രക്കാരനും 'ബീറോ' മൈക്രോകാറിലെ ആളുകളുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ലിസയുടെ മരണത്തെത്തുടർന്ന് റോട്ടർഡാമിൽ നടന്ന സമാധാനപരമായ മാർച്ചിന് ഏകദേശം 500 ഓളം പേർ പങ്കെടുത്തു. "അവൾക്ക് സ്വപ്നങ്ങൾ ഉണ്ടായിരുന്നു, ശവകുടീരം ആവശ്യമില്ല," "എല്ലാ പുരുഷന്മാരും അല്ല, പക്ഷേ എപ്പോഴും പുരുഷന്മാർ" എന്നെഴുതിയ ബാനറുകൾ അവർ ഉയർത്തിക്കാട്ടി. ഡ്യൂവെൻഡ്രെച്ചിലെ ഹോൾട്ടർബർഗ്‌വെഗ് റോഡിൽ കണ്ടെത്തിയ ലിസയുടെ ഓർമ്മക്കായി ഗ്രാമത്തിലെ പള്ളിയിൽ പുഷ്പങ്ങൾ അർപ്പിച്ച് നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ലിസ സുഹൃത്തുക്കളോടൊപ്പം രാത്രി ചിലവഴിച്ച ശേഷം ബുധനാഴ്ച പുലർച്ചെ 3:30 ഓടെയാണ് സുഹൃത്തുക്കളിൽ നിന്ന് പിരിഞ്ഞ് വീട്ടിലേക്ക് തിരിച്ചത്. ഈ യാത്രയ്ക്കിടെയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. ഈ സംഭവം രാജ്യത്ത് നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങളെയും സ്ത്രീകളുടെ സുരക്ഷയെയും സംബന്ധിച്ച് വീണ്ടും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
അതേസമയം, ലിസയുടെ ദാരുണമായ അന്ത്യം രാജ്യത്ത് വലിയ തോതിലുള്ള രോഷത്തിനും "രാത്രിയെ തിരികെ എടുക്കുക" എന്ന കാമ്പെയ്‌നിനും കാരണമായി. ഡച്ച് നടിയും എഴുത്തുകാരിയുമായ നിൻകെ ഗ്രേവ്മേഡ് ലിസയുടെ അവസാന നിമിഷങ്ങളെക്കുറിച്ച് എഴുതിയ കവിത വൈറലായിരുന്നു. "ചുവന്ന ബാഗിനെക്കുറിച്ചാണ് ഞാൻ ഓർക്കുന്നത്.
രാത്രിയിലൂടെ പോകുമ്പോൾ അത് അവളുടെ ഹാൻഡിൽബാറിൽ തൂങ്ങിക്കിടക്കുന്നത് ഞാൻ ഓർക്കുന്നു. ആ രാത്രിയും അവൾക്ക് സ്വന്തമായിരുന്നതാണ്. ഈ രാത്രി എന്റെതാണ്. തെരുവുകൾ എന്റെതാണ്. ഈ ഭയം നീക്കം ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നു," ഗ്രേവ്മേഡ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. #rechtopdenacht അഥവാ 'രാത്രിയിലേക്കുള്ള അവകാശം' എന്ന ഹാഷ്ടാഗും കവിതയോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.