പിതാവിന്റെ ശാരീരിക അവശതകള്‍ കണ്ട് മകന് ഒരു സുമനസ് സമ്മാനിച്ച സൈക്കിള്‍; അത് മോഷ്ടിച്ചു കൊണ്ടു പോയത് മറ്റൊരു കൗമാരക്കാരന്‍; കുട്ടിയുടെ പരാതി ഗൗരവത്തിലെടുത്ത് പന്തളം പോലീസിന്റെ അന്വേഷണം: ഒടുവില്‍ സൈക്കിള്‍ വീണ്ടെടുത്ത് നല്‍കി

Update: 2025-08-30 06:31 GMT

പന്തളം: പടുകോട്ടക്കല്‍ സ്വദേശിയ കെ.എ.ആദിനാഥ് എന്ന എട്ടാം ക്ലാസുകാരന്റെ ജീവനായിരുന്നു ആ സൈക്കിള്‍. അത് നഷ്ടമായത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു അവന്. എങ്ങനെയെങ്കിലും കണ്ടെത്തി നല്‍കണമെന്ന് അച്ഛനോടാവശ്യപ്പെട്ട് സങ്കടം സഹിക്ക വയ്യാതെ എങ്ങലടിച്ചു കരയുന്ന മകനെ കണ്ട് മനസ്സമാധാനം നഷ്ടപ്പെട്ട പിതാവ് പ്രതീക്ഷയോടെ പോലീസ് സ്റ്റേഷനിലേക്ക് ചെന്നു. ക്രെച്ചസ് ഊന്നിവരുന്ന അച്ഛനെയും മകനെയും സ്വീകരിച്ചിരുത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. പിതാവിന്റെ ശാരീരിക അവശതകള്‍ കണ്ടറിഞ്ഞ ഒരു സുമനസ്സ് കുട്ടിക്ക് സമ്മാനിച്ചതാണ് ആ സൈക്കിള്‍. അത് കാണാനില്ലെന്നും എങ്ങനെയെങ്കിലും തന്റെ മകന് കണ്ടെത്തി തിരിച്ചുനല്‍കണമെന്നും പിതാവ് പോലീസ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ അപേക്ഷിച്ചു. അതീവസങ്കടാവസ്ഥയിലാണ് കുട്ടിയെന്നു മുഖഭാവത്തില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. സുപ്രധാന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുനിന്ന പോലീസ് ഇന്‍സ്പെക്ടര്‍, എത്രയും വേഗം തന്നെ സൈക്കിള്‍ കണ്ടെത്തി നല്‍കാമെന്ന് സമാധാനിപ്പിച്ചും ഉറപ്പുനല്‍കിയും ഇരുവരെയും പറഞ്ഞയച്ചു. തുടര്‍ന്ന് എസ്.ഐ അനീഷ് എബ്രഹാം, എസ്.സി.പി.ഓ എസ്. അന്‍വര്‍ഷ എന്നിവരെ പരാതി അന്വേഷിച്ച് സൈക്കിള്‍ കണ്ടെത്തുന്നതിനുള്ള ചുമതല ഏല്‍പ്പിച്ചു. മറ്റ് കേസുകളുടെ അന്വേഷണത്തിന്റെ തിരക്കുകള്‍ക്കിടയിലും കുട്ടിയുടെ വീടിന്റെ പരിസരങ്ങളില്‍ ഉള്ള സിസിടിവി ദൃശ്യങ്ങളും മറ്റും പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. സൈക്കിള്‍ മോഷണം ശീലമാക്കിയ പ്രതികളെപ്പറ്റിയും വിശദമായി അന്വേഷിച്ചു.

പലരെയും കണ്ട് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവില്‍, സൈക്കിള്‍ എടുത്തു കൊണ്ടുപോയതും ഒരു കൗമാരക്കാരനാണെന്ന് വ്യക്തമായി. ഈ കുട്ടിയുടെ വീടിനടുത്തുനിന്നും നാല് കിലോമീറ്ററോളം അകലെ നിന്നും ഇന്നലെ രാത്രി എട്ടോടെ സൈക്കിള്‍ കണ്ടെത്തി. ഇവിടേക്ക് കുട്ടിയെയും പിതാവിനെയും വിളിച്ചുവരുത്തി തിരിച്ചറിഞ്ഞശേഷം സൈക്കിള്‍ പോലീസ് കൈമാറി.

നാല് മാസത്തോളം മുമ്പ് മോഷ്ടിക്കപ്പെട്ട ഒരു കൗമാരക്കാരന്റെ സൈക്കിളും, മൂന്നാഴ്ച്ചമുമ്പ് മറ്റൊരു കുട്ടിക്ക് നഷ്ടപ്പെട്ട സൈക്കിളും ഇതേപോലെ ഊര്‍ജിതമായി നടത്തിയ അന്വേഷണത്തില്‍ പന്തളം പോലീസ് കണ്ടെത്തി നല്‍കിയിരുന്നു.

Tags:    

Similar News