മൂന്നുതവണ വിവാഹം കഴിച്ചയാളുടെ ലിവ് ഇന്‍ പങ്കാളി; മദ്യപിച്ച് ഉപദ്രവിച്ചതോടെ മറ്റൊരാള്‍ക്കൊപ്പം താമസം തുടങ്ങി; ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ ആക്രമണം; 35കാരിയെ പിന്തുടര്‍ന്ന് തീകൊളുത്തി കൊന്നു; പ്രതി പിടിയില്‍

35കാരിയെ പിന്തുടര്‍ന്ന് തീകൊളുത്തി കൊന്നു; പ്രതി പിടിയില്‍

Update: 2025-09-01 13:20 GMT

ബെംഗളൂരു: മദ്യപിച്ച് നിരന്തരം ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ മറ്റൊരാള്‍ക്കൊപ്പം താമസം തുടങ്ങിയ മുന്‍ ലിവ് ഇന്‍ പങ്കാളിയായ 35കാരിയെ ടാക്സി ഡ്രൈവര്‍ നടുറോഡിലിട്ട് തീകൊളുത്തി കൊന്നു. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം. വിതാല്‍ എന്നയാളാണ് നേരത്തേ തന്റെ കൂടെ താമസിച്ചിരുന്ന വനജാക്ഷിയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വനജാക്ഷി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയായ വിതാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

ടാക്സി ഡ്രൈവറായ പ്രതിയും യുവതിയും നാലുവര്‍ഷം മുന്‍പാണ് ഒരുമിച്ച് താമസം ആരംഭിച്ചതെന്നാണ് പോലീസ് പറയുന്നത്. വിതാല്‍ നേരത്തേ മൂന്നുതവണ വിവാഹംകഴിച്ചയാളാണ്. വനജാക്ഷി രണ്ടുതവണ വിവാഹിതയായിരുന്നു. ഇതിനുശേഷമാണ് നാലുവര്‍ഷം മുന്‍പ് ഇരുവരും ബെംഗളൂരുവില്‍ ഒരുമിച്ച് താമസം തുടങ്ങിയത്.

വിതാല്‍ സ്ഥിരം മദ്യപാനിയായിരുന്നു. മദ്യപിച്ചുള്ള ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ വനജാക്ഷി അടുത്തിടെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. താമസം മാറുകയുംചെയ്തു. ഇതിനിടെ കന്നഡ അനുകൂലസംഘടനയായ 'കര്‍ണാടക രക്ഷണ വേദികെ' അംഗമായ മാരിയപ്പ എന്നയാളുമായി വനജാക്ഷി അടുപ്പത്തിലായി. ഇതിന്റെ വിരോധത്തിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

സംഭവദിവസം വനജാക്ഷിയും മാരിയപ്പയും ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാറില്‍ തിരികെ മടങ്ങുകയായിരുന്നു. ഡ്രൈവറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ട്രാഫിക് സിഗ്‌നലില്‍വെച്ച് മൂവരും സഞ്ചരിച്ചിരുന്ന കാര്‍ വിതാല്‍ തടഞ്ഞു. തുടര്‍ന്ന് കാറിനുള്ളിലുണ്ടായിരുന്ന മൂന്നുപേരുടെയും ദേഹത്തേക്ക് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു.

മൂവരും കാറില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും വനജാക്ഷിയെ പ്രതി പിന്തുടര്‍ന്നു. തുടര്‍ന്ന് യുവതിയുടെ ദേഹത്തേക്ക് കൂടുതല്‍ പെട്രോള്‍ ഒഴിച്ചശേഷം ലൈറ്റര്‍ ഉപയോഗിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു. സംഭവം കണ്ട വഴിയാത്രക്കാര്‍ ഉടന്‍തന്നെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Similar News