ക്വട്ടേഷൻ കൊലപാതകങ്ങൾ, പണം തട്ടൽ ഉൾപ്പെടെ നിരവധി കേസുകൾ; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു; കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാർക്ക് നേരെ വെടിയുതിർത്തു; ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 'സിഗ്മ ഗ്യാങി'ലെ കൊടും കുറ്റവാളികൾ

Update: 2025-10-23 10:28 GMT

ന്യൂഡൽഹി: ബിഹാറിലെ കുപ്രസിദ്ധ ഗുണ്ടാസംഘമായ 'സിഗ്മ ഗ്യാങി'ലെ നാലു പ്രധാന അംഗങ്ങൾ ഡൽഹിയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹി, ബിഹാർ പോലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ വധിച്ചത്. വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം നടന്നത്. രഞ്ജൻ പഥക് (25), ബിംലേഷ് മഹ്‌തോ (25), മനീഷ് പഥക് (33), അമൻ ടാക്കൂർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്.

പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ സംഘാംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തിരിച്ചടിയിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഡൽഹി പോലീസ് അറിയിച്ചു. വെടിയേറ്റവരെ ഉടൻ രോഹിണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിമിനൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.

രഞ്ജൻ പഥക്കായിരുന്നു 'സിഗ്മ' ഗ്യാങിന്റെ തലവൻ. ബിഹാറിലുടനീളം വ്യാപിച്ചുകിടക്കുന്ന സംഘമായിരുന്ന ഇവർ, നിരവധി ക്വട്ടേഷൻ കൊലപാതകങ്ങളിലും പണം തട്ടൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബിഹാറിൽ അഞ്ച് കൊലക്കേസുകൾ ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിൽ പോലീസ് തിരയുന്ന പ്രതിയായിരുന്നു രഞ്ജൻ പഥക്. ഇയാളെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇയാൾ സാമൂഹികമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Similar News