ഭര്‍ത്താവിന്റെ പേരിലുള്ള സ്വത്ത് തന്റെ പേരില്‍ എഴുതി നല്‍കണം എന്നാവശ്യപ്പെട്ട് തുടങ്ങിയ തര്‍ക്കം; വഴക്കിനിടെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു; ചാക്കോച്ചന്റെ തലയോട്ടി തകര്‍ന്ന് തലച്ചോറ് പുറത്തുവന്നു; ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി
ചാക്കോച്ചന്‍ വധക്കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി
തളിപ്പറമ്പ്: പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ (കുഞ്ഞിമോന്‍ 60) വധിച്ച കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയെന്ന് കോടതി. മറ്റന്നാള്‍ ശിക്ഷ വിധിക്കും. കുറ്റക്കാരിയാണെന്നു കണ്ടെത്തിയതോടെ പ്രതിയെ വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അരുംകൊല അരങ്ങേറിയത്.
2013 ജൂലൈ ആറിന് പുലര്‍ച്ചെയാണ് വീടിനടുത്തുള്ള റോഡരികില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് രാത്രി വീട്ടിലുണ്ടായ വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് കുഞ്ഞുമോനെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തലയോട്ടി തകര്‍ന്ന് തലച്ചോറ് പുറത്തുവന്ന അവസ്ഥയിലായിരുന്നു.
ചാക്കോച്ചന്റെ പേരിലുള്ള വസ്തു തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. സംഭവസമയത്ത് മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. കൊലയ്ക്കുശേഷം 30 മീറ്ററോളം അകലെ മൃതദേഹം വലിച്ചിഴച്ചിടുകയായിരുന്നു. പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായിരുന്നു ചാക്കോച്ചന്‍.
എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും നിത്യരോഗിയാണെന്നും റോസമ്മ പറഞ്ഞു. ക്രൂരമായ കൊലപാതകമാണെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് റോസമ്മ കുറ്റക്കാരിയെന്ന് വിധിച്ചത്. തളിപ്പറമ്പ് അഡീഷനല്‍ സെഷന്‍സ് കോടതി പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം വിധി പറയുന്ന ആദ്യത്തെ കൊലപാതകക്കേസാണിത്.