'വളരെ അത്യാവശ്യമാണ്, 40000 രൂപ വേണം'; റൂറല്‍ എസ്പിയുടെ വാട്‌സാപ്പ് സന്ദേശം കണ്ട പൊലീസുകാര്‍ക്ക് സംശയം; അക്കൗണ്ട് ഡീറ്റെയില്‍സ് പരിശോധിച്ചപ്പോള്‍ ഡല്‍ഹിയില്‍ നിന്നും; തടഞ്ഞത് വലിയ തട്ടിപ്പ്
കൊല്ലം: കൊല്ലം റൂറല്‍ എസ്പിയുടെ പേരിലുള്ള വ്യാജ വാട്‌സാപ്പ് അക്കൗണ്ട് വഴി പൊലീസുകാരില്‍ നിന്ന് പണം തട്ടാനുള്ള നീക്കം തടഞ്ഞത് ഉദ്യോഗസ്ഥരുടെ ജാഗ്രത. ടികെ വിഷ്ണുപ്രദീപിന്റെ പേരിലാണ് 40,000 രൂപ ആവശ്യപ്പെട്ട് സന്ദേശം വന്നത്. കഴിഞ്ഞ ദിവസമാണ് റൂറല്‍ എസ്.പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള 9779702927435 എന്ന വാട്‌സാപ് നമ്പരില്‍ നിന്ന് പൊലീസുകാര്‍ക്ക് പണം വേണമെന്ന സന്ദേശമെത്തിയത്. അത്യാവശ്യമായി 40000 രൂപ വേണമെന്നായിരുന്നു ആവശ്യം ഉടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ടി.കെ.വിഷ്ണുപ്രദീപിന്റെ പേരിലാണ് വ്യാജ വാട്‌സാപ് എക്കൗണ്ടില്‍ നിന്നു വന്ന സന്ദേശത്തെ കുറിച്ച് പൊലീസുകാര്‍ സീനിയര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
അത്യാവശ്യമാണെന്നും ഉടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുകയായിരുന്നു. എസ്പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള വാട്‌സാപ്പ് നമ്പറില്‍ നിന്നാണ് സന്ദേശമെത്തിയത്. റൂറല്‍ എസ്പിയുമായി ബന്ധപ്പെട്ടപ്പോഴാണ് സന്ദേശം വ്യാജമാണെന്ന് മനസിലായത്. ആര്‍ക്കും പണം നഷ്ടമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സൈബര്‍ റൂറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അക്കൗണ്ട് ഡീറ്റെയില്‍സ് പരിശോധിച്ചപ്പോള്‍ ഡല്‍ഹിയിലാണെന്നു വിവരം ലഭിച്ചുണ്ടെന്നാണ് സൂചന. വഞ്ചന, ഒരേ ലക്ഷ്യത്തോടെ കുറ്റകൃത്യം ചെയ്യല്‍, ആള്‍മാറാട്ടം നടത്തി വഞ്ചിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മെറ്റയോടും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സൈബര്‍ റൂറല്‍ പൊലീസ് റജിസ്‌ററര്‍ ചെയ്തിരിക്കുന്ന കേസില്‍ വിശദാന്വേഷണം ആരംഭിച്ചു.
'സൈബര്‍ തട്ടിപ്പുകാര്‍ നമ്മളില്‍ ഒരാളായി നമുക്കിടയില്‍ തന്നെയുണ്ടാകാം.! അവരില്‍ നിന്നും നിങ്ങള്‍ക്ക് കാവലായ് കൂടെ ഞങ്ങളുണ്ട്. സൈബര്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ 1930 എന്ന നമ്പറില്‍ ബന്ധപ്പെടുക'- കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.