അസാധാരണ തിളക്കമുള്ള ആ അപൂർവ്വ പാക്കിങ്ങ് റോമിലെത്തിയതും ഗവേഷകരുടെ കണ്ണിൽ ഭയം; അതിർത്തി പ്രദേശങ്ങളിലും വിമാനത്താവളങ്ങളിലടക്കം എമർജൻസി അലർട്ട്; ഈജിപ്ഷ്യൻ രാജവംശത്തിലെ മൂന്നാമത്തെ 'ഫറവോ'യുടെ സ്വർണ ഉരുപ്പടി കാണാതായി; വ്യാപക തിരച്ചിൽ; ജാഗ്രത നിർദ്ദേശം നൽകി ഭരണകൂടം; അത് അടിച്ചുമാറ്റിയതോ?

Update: 2025-09-17 09:09 GMT

കെയ്‌റോ: ഈജിപ്ഷ്യൻ മ്യൂസിയത്തിലെ കൺസർവേഷൻ ലാബിൽ സൂക്ഷിച്ചിരുന്ന, 21-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്ന ഫറവോ സൈസെനസ് ഒന്നാമന്റെ കാലഘട്ടത്തിലെ അമൂല്യമായ സ്വർണ ബ്രേസ്‍ലെറ്റ് കാണാതായി. ഇത് ഈജിപ്തിലെ പുരാവസ്തു ഗവേഷണ സമൂഹത്തിൽ അതീവ ജാഗ്രതയ്ക്ക് കാരണമായിട്ടുണ്ട്. പ്രാദേശിക മാധ്യമങ്ങളാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

റോമിൽ നടക്കാനിരിക്കുന്ന 'ട്രഷർ ഓഫ് ഫറവോസ്' എന്ന പ്രത്യേക പ്രദർശനത്തിനായി ഈ വിലയേറിയ പുരാവസ്തു റോമിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് കാണാതായത്. സംഭവത്തെക്കുറിച്ച് ടൂറിസം ആൻ്റ് ആൻ്റികേസ് മന്ത്രാലയം ഉടൻ തന്നെ പൊലീസിനെയും പബ്ലിക് പ്രോസിക്യൂഷനെയും അറിയിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, മന്ത്രാലയം കൺസർവേഷൻ ലാബിലെ എല്ലാ പുരാവസ്തുക്കളുടെയും കണക്കെടുക്കാനും വിശദമായി പരിശോധിക്കാനും ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി, കാണാതായ ബ്രേസ്‍ലെറ്റിന്റെ ചിത്രം ഈജിപ്തിലെ എല്ലാ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിലെ പുരാവസ്തു വിഭാഗങ്ങൾക്കും കൈമാറിയിട്ടുണ്ട്.

ഏകദേശം 600 ഗ്രാം തൂക്കമുള്ളതും തനിത്തങ്കത്തിൽ നിർമ്മിച്ചതുമായ ഈ ബ്രേസ്‍ലെറ്റ്, ഇറ്റലിയിലേക്കുള്ള പാക്കിങ് ജോലികൾ നടക്കുന്നതിനിടെയാണ് അവസാനമായി കണ്ടതെന്ന് പുരാവസ്തു ഗവേഷകൻ അഹമ്മദ് അമേർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ലാബിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്തുകൊണ്ട് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേശീയ പൈതൃകവും രാജ്യത്തിന്റെ സൽപ്പേരും സംരക്ഷിക്കുന്നതിനുള്ള വിഷയമായിട്ടാണ് മന്ത്രാലയം ഈ സംഭവത്തെ കാണുന്നതെന്ന് അമേർ കൂട്ടിച്ചേർത്തു. ഇത് മോഷണമാണോ അതോ അശ്രദ്ധമൂലമുണ്ടായ നഷ്ടമാണോ എന്നത് അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. എന്നിരുന്നാലും, കൺസർവേഷൻ ലാബുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല എന്നത് അന്വേഷണത്തിൽ ഒരു പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ട്. കാണാതായ ബ്രേസ്‍ലെറ്റിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്.

Tags:    

Similar News