ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചു; കുതറി മാറാന്‍ ശ്രമിച്ച തന്നെ തെറി പറഞ്ഞു; പുറത്തുപറഞ്ഞാല്‍ മക്കളെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സഹകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു; യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്; ആരോപണം നിഷേധിച്ച് ഭര്‍ത്താവ്
ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചു
കല്‍പ്പറ്റ: ഭര്‍ത്താവിന്റെ സുഹൃത്തായ വയനാട്ടിലെ ഡിവൈഎഫ്‌ഐ നേതാവ് വീട്ടിലെത്തി പീഡിപ്പിച്ചെന്നും വിവരം പുറത്തുപറഞ്ഞാല്‍ തന്നെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതി. പിണങ്ങോട് സ്വദേശിയായ പി ജംഷീദ് എന്ന ഡിവൈഎഫ്‌ഐ നേതാവിനെതിരെയാണ് പരാതി. സിപിഎം കോട്ടത്തറ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് ജംഷീദ്.
ഭര്‍ത്താവിന്റെ സുഹൃത്ത് ആയ ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ്, ഡി വൈ എഫ് ഐ നേതാവിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്. കല്‍പ്പറ്റ പൊലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തു. സ്ത്രീയുടെ പരാതിയില്‍, ലൈംഗിക ഉദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിച്ചു എന്ന വകുപ്പിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനും പരാതി നല്‍കിയിട്ടുണ്ട്.
13 വര്‍ഷം മുമ്പ് മറ്റൊരു യുവതിയെ കല്യാണം കഴിച്ചത് മറച്ചുവെച്ചാണ് ഭര്‍ത്താവ് തന്നെ കല്യാണം കഴിച്ചത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. തനിക്ക് കുട്ടിയുണ്ടായ ശേഷമാണ് നേരത്തേ മറ്റൊരു ഭാര്യ ഉണ്ടായിരുന്നുവെന്ന വിവരം അറിയുന്നത്. പിന്നീട് ആദ്യ ഭാര്യയെ ഒഴിവാക്കുന്നതിന് തന്റെ സ്വര്‍ണം വിറ്റ് രണ്ടര ലക്ഷം രൂപ നല്‍കി. അതിന് പകരമായി മൂന്നര സെന്റ് സ്ഥലം തന്റെ പേരിലേക്ക് മാറ്റി. ഇത് തിരിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജംഷീദും ഭര്‍ത്താവും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ ഭര്‍ത്താവും ഭര്‍തൃ പിതാവും മാതാവും ചേര്‍ന്ന് പീഡിപ്പിക്കുന്നതായും യുവതി ആരോപിച്ചു.
25 പവന്‍ നല്‍കിയാണ് തന്നെ കല്യാണം കഴിച്ചത്. മദ്യാപാനിയായ ഭര്‍ത്താവ് സ്വര്‍ണമെല്ലാം വിറ്റുതീര്‍ത്തു. പിന്നീട് 101 പവനും കാറും വേണമെന്ന് ആവശ്യപ്പെട്ട് തന്നെ മര്‍ദിക്കാന്‍ തുടങ്ങി. ഭര്‍ത്താവിന്റെ മാതാവും പിതാവും ഇതിന് കൂട്ടു നില്‍കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും കൂട്ടം ചേര്‍ന്ന് തന്നെ മര്‍ദിച്ചതോടെ വീട്ടുകാരെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് പോയി. അന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നിരന്തര പീഡനവുമായി ബന്ധപ്പെട്ട് മഹല്ലു കമ്മിറ്റികള്‍ പല തവണ ഒത്തു തീര്‍പ്പ് ശ്രമം നടത്തിയിരുന്നെങ്കിലും വീണ്ടും പീഡനം തുടരുകയായിരുന്നുവെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബുധനാഴ്ച വൈകീട്ട് കല്‍പറ്റ ടൗണില്‍ റോഡ് ഉപരോധിച്ചു.
ആരോപണം അടിസ്ഥാന രഹിതമെന്ന് ഭര്‍ത്താവ്
കല്‍പറ്റ: യുവതിയെ ഡി.വൈ.എഫ്.ഐ നേതാവ് ജംഷീദ് പീഡിപ്പിച്ചെന്ന ആരോപണവും താനും മാതാപിതാക്കളും ഭാര്യയെ മര്‍ദിച്ചെന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ജംഷീദ് എന്നയാള്‍ പീഡനം നടന്നു എന്ന് പറയുന്ന ദിവസം വീട്ടില്‍ പോലും വന്നിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ഭാര്യയുടെ ബന്ധുക്കളെത്തി തന്നെയും മാതാപിതാക്കളെയും മര്‍ദിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഭാര്യ നടത്തുന്നത്. ജംഷീദിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ശ്രമം. എസ്.ഡി.പി.ഐയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ പിതാവും മാതാവും പങ്കെടുത്തു.