കാപ്പ ചുമത്തിയത് ലംഘിച്ച് കഞ്ചാവ് കച്ചവടം; കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍; മൂന്നു ജില്ലകളിലായി 21 കേസുള്ള ബസലേല്‍ മാത്യുവിനെ അറസ്റ്റ് ചെയ്തത് പുളിക്കീഴ് പോലീസ്
തിരുവല്ല: കഞ്ചാവ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ പ്രവീണ്‍ എന്ന ബസലിയേല്‍ സി മാത്യുവാണ് (36) പിടിയിലായത്. ജൂണ്‍ 10ന് പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നേമുക്കാല്‍ കിലോയോളം കഞ്ചാവുമായി ചങ്ങനാശ്ശേരി പായിപ്പാട് അമ്പാട്ടുപറമ്പില്‍ സുമിത് സാബു (30), തൃക്കൊടിത്താനം പ്ലാമ്പറമ്പില്‍ അരുണ്‍ (28) എന്നിവരെ ആലുംതുരുത്തിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു.
പോലീസ് ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് നല്‍കിയത് പ്രവീണ്‍ ആണെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇയാളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചു. പോലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ പ്രതി ഒളിവില്‍ പോയി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയും മറ്റും പ്രവീണിനായി തിരച്ചില്‍ നടത്തി വരവേ കടമാന്‍കുളത്തുള്ളതായി വിവരം ലഭിച്ച പോലീസ് സംഘം 23ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി മയക്കുമരുന്ന് ഉള്‍പ്പെടെ 21 കേസുകളില്‍ പ്രതിയാണ് പ്രവീണ്‍ .
ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കാപ്പ പ്രകാരം ജനുവരിയില്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അത് ലംഘിച്ചതിനെതുടര്‍ന്ന് കീഴ്വായ്പ്പൂര്‍ പോലീസ് കേസ് എടുത്തിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത്കുമാറിന്റെ നേതൃത്വത്തില്‍ എ എസ് ഐ പ്രബോധ് ചന്ദ്രന്‍, എസ് സി പി ഒ മാരായ രജീഷ്, സജില്‍ സി പി ഒ മാരായ നവീന്‍, റിയാസ്, അനൂപ്, സുദീപ്, സച്ചിന്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.