ഐഐടി ബോംബെയിൽ നിന്ന് പ്രോജക്റ്റ് നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം; പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർവകലാശാലയിൽ നിന്നും തട്ടിയത് കോടികൾ; പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി; പിടിയിലായത് യുകെയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഇലക്ട്രോണിക്സ് എഞ്ചിനീയർ

Update: 2025-09-25 14:14 GMT

പുണെ: സ്വകാര്യ സർവകലാശാലയിൽ നിന്ന് 2.46 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ കേസിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറെ പുണെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ സീതയ്യ കിലാരു (34) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ (IIT-B) പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സർവകലാശാലയിൽ നിന്ന് പണം തട്ടിയെടുത്തത്.

ഐഐടി ബോംബെയിൽ നിന്ന് പ്രോജക്റ്റ് നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് സർവകലാശാലാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്. യുകെയിലെ ഒരു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആളാണ് സീതയ്യ. ഈ വർഷം ജൂലൈ 25നും ഓഗസ്റ്റ് 26നും ഇടയിലാണ് തട്ടിപ്പ് നടന്നത്. വ്യാജ പ്രൊഫസർ ചമഞ്ഞ് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു.

തെലങ്കാനയിലെ യാപ്രൽ സ്വദേശിയായ സീതയ്യ കിലാരുവാണ് തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് കണ്ടെത്തി. ഇയാൾ 2020ൽ യുപിഎസ്‍സി പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ വിജയിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സെപ്റ്റംബർ 21ന് അറസ്റ്റിലായ പ്രതിയെ സെപ്റ്റംബർ 28 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

Tags:    

Similar News