ഭക്ഷണം വിളമ്പിയപ്പോള്‍ തോണ്ടുകയും പിടിക്കുകയും ചെയ്‌തെന്ന് പരാതിപ്പെട്ടപ്പോള്‍ അവനങ്ങ് നിന്ന് കൊടുക്ക്, കടങ്ങളും തീരും വീട്ടുചെലവും നടക്കും എന്ന് പറഞ്ഞതായി യുവതി; പച്ചക്കള്ളമെന്ന് യുവതിയുടെ ഭര്‍ത്താവ്; പരാതിയില്‍ പറയുന്ന ദിവസം ഡിവൈഎഫ്‌ഐ നേതാവ് ജംഷീദ് വീട്ടില്‍ വന്നിട്ടില്ല; വ്യാജപരാതിയെന്ന് അവകാശവാദം
ഡിവൈഎഫ്‌ഐ നേതാവിനെതിരായ യുവതിയുടെ പരാതി വ്യാജമെന്ന് ഭര്‍ത്താവ്
കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഭര്‍തൃവീട്ടില്‍ മാസങ്ങളായി നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് പിണങ്ങോട് സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.ജംഷീദിനും എതിരെയാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി കടന്നു പിടിച്ചതായാണ് യുവതി നല്‍കിയ പരാതി. എന്നാല്‍, ഡി.വൈ.എഫ്.ഐ നേതാവ് നേതാവ് ജംഷീദിന് എതിരായ ലൈംഗിക പീഡന പരാതി വ്യാജമെന്നാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ വാദം.
യുവതിയുടെ പരാതിയില്‍ പറയുന്ന ദിവസം ജംഷീദ് വീട്ടില്‍ വന്നിട്ടില്ല. മാത്രമല്ല, ആരോപണമുണ്ടായ ദിവസത്തിന് ശേഷവും യുവതി ജംഷീദിനോടൊപ്പം ചില ചടങ്ങുകളില്‍ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബ വഴക്കുകളാണ് ഇത്തരം ഒരു ആരോപണത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ മാതാവിനെയും തന്നെയും ഭാര്യവീട്ടുകാര്‍ ഉപദ്രവിച്ചതില്‍ പാര്‍ട്ടി ഇടപെട്ടതാണ് ഇത്തരത്തില്‍ ഒരു കേസ് നല്‍കാന്‍ കാരണമെന്നും, ജംഷീദിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭര്‍ത്താവ് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ് ജംഷീദിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, യുവതിയുടെ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിനും കല്‍പ്പറ്റ പോലീസ് കേസെടുത്തിട്ടുണ്ട്.
ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ:
'തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണ് എന്റെ ഭാര്യ ഉന്നയിച്ചത്. ആരോപണത്തില്‍ പറയുന്ന ദിവസം ഞാനും ജംഷീദും ഒരു ആക്്‌സിഡന്റ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ പോയതായിരുന്നു. അന്ന് ജംഷിയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചതിന് ശേഷം അവന്‍ എന്നെ എന്റെ വീടിനടുത്ത് ഡ്രോപ്പ് ചെയ്തു. അതിനു ശേഷം എന്റെ വീട്ടിലേക്ക് അവന്‍ വന്നിട്ടില്ല. ഇവര്‍ ആരോപിക്കുന്ന സമയത്ത് എന്റെ ഒരു മകന്‍ സുഖമില്ലാതെ ഇരിക്കുകയും ബാക്കി മൂന്ന് മക്കള്‍ സ്‌കൂളില്‍ പോവുകയും ചെയ്തിട്ടുണ്ടായിരുന്നു. നാലു മണിക്ക് ഞാനും ഭാര്യയും മൂന്നാമത്തെ മകനും ഒരുമിച്ച് വന്നാണ് കുട്ടികളെ കൂട്ടി വീട്ടിലേക്ക് തിരിച്ചു പോകുന്നത്'.
'കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു. ആ സമയത്ത് ഭാര്യവിട്ടുകാര്‍ എന്നെ മര്‍ദിച്ചു. ഇതിന് പിന്നാലെ അയല്‍വാസികള്‍ എത്തിയിരുന്നു. ആ കൂട്ടത്തില്‍ ജംഷീദും ഉണ്ടായിരുന്നു. ജംഷീദ് രാഷ്ട്രീയ നേതാവായതുകൊണ്ട് ഇതിനെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമമാണ് ഇത്. വളര്‍ന്നുവരുന്ന നേതാവാണ് ജംഷി. അവനെതിരെ ഇങ്ങനെയൊരു കേസ് കൊടുത്ത് തേജോവധം ചെയ്യുക എന്ന് മാത്രമേയുള്ളു. വീട്ടില്‍ ഈ പ്രശ്‌നം നടക്കുന്ന സമയത്ത് എന്റെ മോനെ ജംഷിയുടെ അടുത്ത് ഏല്‍പ്പിച്ചിട്ടാണ് എന്റെ ഭാര്യ പോയത്. ഇത്രയും മോശക്കാരനാണെങ്കില്‍ അങ്ങനെ ചെയ്യുമോ. അതിന് പൊലീസുകാരന്‍ സാക്ഷിയാണ്. അപ്പോള്‍ പോലീസുകാരന്‍ ചോദിച്ചു ഞങ്ങളുടെ മുമ്പില്‍ നിന്നല്ലേ ജംഷീദിനെ എന്റെ മകനെ ഏല്‍പ്പിച്ചിട്ട് പോകുന്നത് എന്ന് പറഞ്ഞത്. ഇത്ര മോശക്കാരനായ ഒരു ജംഷീദിനെ നിങ്ങള്‍ മകനെ ഏല്‍പ്പിച്ചിട്ട് പോകുമോ എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞത് എനിക്ക് ജംഷീദിനെ വിശ്വാസമായിരുന്നു എന്നാണ്. ഈ സംഭവം നടക്കുന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഈ ജംഷി 17ാം തീയതി പീഡിപ്പിച്ചു എന്നാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്'.
'കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ജംഷീദിന്റെ വീട്ടില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ച അവളെ കൂട്ടാന്‍ ഞാന്‍ പോയിരുന്നു. അവിടെയുള്ള ലീഗ് പ്രവര്‍ത്തകര്‍ അടക്കം അതിന് ദൃക്‌സാക്ഷികള്‍ ആയിരുന്നു. പിറ്റേ ദിവസം എന്റെ സുഹൃത്തിന്റെ മോളുടെ ഒരു പരിപാടി ഉണ്ടായിരുന്നു. അതിലും ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. പീഡിപ്പിക്കാന്‍ ശ്രമിച്ച ഒരാളുടെ കൂടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമോ. ഞാന്‍ കള്ള് കുടിച്ചിട്ട് നാട്ടുകാര്‍ ആരെങ്കിലും കണ്ടിട്ടുണ്ടെന്ന് തെളിയിക്കാന്‍ പറ്റുമോ. ഇത് തികച്ചും അവനെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ്. അവര്‍ എന്നെ മര്‍ദിച്ചു, എന്റെ ഉമ്മാനെയും മര്‍ദിച്ചു. എനിക്ക് ഇപ്പോഴും കഴുത്ത് നേരെ വെക്കാന്‍ പോലും വയ്യ. ഉമ്മയെ മര്‍ദിച്ചപ്പോള്‍ പാര്‍ട്ടി ഇടപെടുമെന്നും ശക്തമായ നടപടി ഉണ്ടാകും എന്ന് അറിഞ്ഞപ്പോഴാണ് ഇത് റൂട്ട് മാറ്റി വിടാന്‍ ശ്രമിക്കുന്നത്'.
'ഇത്രയും നെഗറ്റീവ് ആയിട്ട് എന്റെ ഭാര്യയെ കുറിച്ച് പറയാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഞാന്‍ മിണ്ടാത്തത്. എന്തൊക്കെയാ മോശമായിട്ട് പറഞ്ഞത്? ഞാന്‍ കൂട്ടി കൊടുപ്പുകാരനാണെന്ന്. എന്റെ മകന്‍ പറയട്ടെ കൂട്ടി കൊടുപ്പുകാരനാണെന്ന്. എന്തുകൊണ്ട് അവന്‍ എന്റെ ഭാര്യക്കൊപ്പം പോയില്ല. ഞാന്‍ വിചാരിച്ചത് ആദ്യം പോകുന്നത് അവന്‍ ആയിരിക്കുമെന്നാണ്. പക്ഷേ അവന്‍ പറഞ്ഞു ഞാന്‍ വരില്ല എന്ന്. ഈ നിലപാടുകള്‍ ഇഷ്ടമില്ലാത്ത കൊണ്ടാണ് അവന്‍ പോകാത്തത്. വീട്ടില്‍ എന്തെങ്കിലും മോശമായിട്ടുള്ള കാര്യം നടന്നിട്ടുണ്ടെന്ന് അവന്‍ പറയട്ടെ'.
'സംശയമായ സാഹചര്യത്തില്‍ ഞാന്‍ ഒരു കാര്യം കണ്ടിരുന്നു. ഞാന്‍ ഇത് പറഞ്ഞു വലിയ വിഷയം ഉണ്ടാക്കുകയൊന്നും ചെയ്തിട്ടില്ല. അയാളോടും പറഞ്ഞിട്ടില്ല ഭാര്യയോടും ചോദിച്ചിട്ടില്ല. കുറച്ച് ദിവസമായിട്ട് എന്നെ ഇങ്ങനെ ഹരാസ് ചെയ്യുന്ന രീതിയില്‍ അവള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു നീയും ഇന്നാളും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന്. അപ്പോള്‍ തന്നെ ഞാന്‍ ഇപ്പോള്‍ റെഡിയാക്കി തരാം എന്ന് പറഞ്ഞ് അവള്‍ വീട്ടില്‍ നിന്ന് ഇറങ്ങി അപ്പുറത്തുള്ള ആള്‍ക്കാരെ കൂട്ടിക്കൊണ്ടുവന്നു. ഞാന്‍ സംശയമുണ്ടെന്ന് പറഞ്ഞ ആളെയും കൂട്ടിക്കൊണ്ടുവന്നു. ഭയങ്കര ബഹളമുണ്ടായപ്പോഴേക്കും മാനന്തവാടിയില്‍ നിന്നുള്ള ഇവരുടെ ബന്ധുക്കള്‍ വന്നു. പിണങ്ങോട് നിന്ന് ആളുകള്‍ എത്തുന്ന സമയം കൊണ്ട് മാനന്തവാടിയില്‍ നിന്നും ആളുകളെത്തി. അവര് വെല്‍ പ്ലാന്‍ഡ് ആയിരുന്നു' എന്നാണ് യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചത്.
പരാതി ഇങ്ങനെ
ഭര്‍ത്താവിന്റെ സുഹൃത്ത് ആയ പിണങ്ങോട് സ്വദേശിയായ ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ്, ഡി വൈ എഫ് ഐ നേതാവിനോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ പരാതിയിലുണ്ട്. കല്‍പ്പറ്റ പൊലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. മുന്‍പും ഇത്തരത്തില്‍ ചില അനുഭവം ഉണ്ടായപ്പോള്‍ സുഹൃത്തിന് അനുകൂല നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
സ്ത്രീധനമായി 101 പവനും കാറും വേണമെന്നു പറഞ്ഞ് ഭര്‍ത്താവ് നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. ഭര്‍ത്താവ് എല്ലാവരോടും പൈസ വാങ്ങും എന്നിട്ട് എന്റെ ഫോട്ടോയും ഫോണ്‍ നമ്പറും കൊടുത്ത ശേഷം ആവശ്യങ്ങള്‍ അവളെ വിളിച്ച് പറഞ്ഞാല്‍ മതിയെന്നു പറയാന്‍ തുടങ്ങി. പലരും വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ആ നമ്പരുകള്‍ ബ്ലോക്ക് ചെയ്തു തുടങ്ങി. ഭര്‍ത്താവിനോടും വീട്ടുകാരോടും ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ നിനക്കെന്താ കിടന്നു കൊടുത്തുകൂടെ അവന്റെ കടങ്ങള്‍ വീടാന്‍ വേണ്ടിയിട്ടല്ലേ എന്നൊക്കെയാണ് ഭര്‍ത്താവിന്റെ ഉമ്മ പറയാന്‍ തുടങ്ങിയതെന്ന് യുവതി വിവരിച്ചു.
കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭര്‍ത്താവിനൊപ്പം വീട്ടില്‍ എത്തിയ ജംഷീദ് ലൈംഗിക താല്‍പര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കേസ് നല്‍കിയ ശേഷം മാധ്യമങ്ങളോട് യുവതി വെളിപ്പെടുത്തി.
യുവതിയുടെ വെളിപ്പെടുത്തല്‍
ഒരു കൂട്ടുകാരന്‍ എപ്പോഴും വീട്ടില്‍ വരും. ഡി.വൈ.എഫ്.ഐ നേതാവാണ്. ജംഷീദ് എന്നാണ് പേര്. ഉച്ച സമയങ്ങളില്‍ വീട്ടില്‍ ആരും ഇല്ലാത്തപ്പോഴാണ് വരുക. കള്ള് കുടിച്ചിട്ടാണ് വരുക. ഭക്ഷണം വേണം എന്ന് പറയും. വിളമ്പി കൊടുക്കുന്ന സമയത്ത് അവിടെയും ഇവിടെയും ഒക്കെ തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഇക്കാനോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഇക്കാനോട് പറഞ്ഞപ്പോള്‍ ഇക്ക പറഞ്ഞു സാരമില്ല വിട്ടുകള, നിന്റെ തോന്നലായിരിക്കുമെന്ന്. ഇനി അതല്ല അങ്ങനെ ഉറപ്പാണെങ്കില് അവനങ്ങ് നിന്ന് കൊടുക്കാം. അവന് അവന്റെ ഇഷ്ടം തീര്‍ന്നിട്ട് പോട്ടെ എന്ന് പറയാന്‍ തുടങ്ങി.
ഈ കഴിഞ്ഞ 17-ാം തീയതി അവരുടെ ഒരു ഫ്രണ്ടിന്റെ വൈഫ് മരിച്ചിട്ടുണ്ടായിരുന്നു. അവിടുത്തെ ചടങ്ങും കാര്യങ്ങളും കഴിഞ്ഞ് പിറ്റേ ദിവസം അവിടെ പോകുന്നതിന് മുന്‍പ് അവര് വീട്ടിലേക്ക് വന്നിരുന്നു. അപ്പോള്‍ അവര്‍ക്ക് ഭക്ഷണം ഒക്കെ ഞാന്‍ ടേബിളില്‍ കൊണ്ടുവെച്ച് കൊടുത്തു. വെള്ളം എടുക്കാന്‍ വേണ്ടി അടുക്കളയില്‍ പോയപ്പോള്‍ ഈ ജംഷീദ് വാവ എന്ന് പറഞ്ഞ ചങ്ങായി എന്റെ ബാക്കില്‍ വരുകയും ലൈംഗികമായി പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ അത് പിടിച്ചു തള്ളി മാറ്റി ഞാന്‍ ഓടി റൂമില്‍ കയറി വാതില്‍ അടച്ചു കാരണം കുറെ വിളിച്ചു ഇക്ക ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മൂപ്പര് മൈന്‍ഡ് ആക്കിയില്ല. അപ്പോള്‍ ഞാന്‍ റൂമില്‍ കയറി വാതില്‍ അടച്ചു കുറ്റിയിട്ട് അവര്‍ പോയതിനു ശേഷമാണ് പിന്നെ ഞാന്‍ വാതില്‍ തുറന്ന് മക്കളെ കൂട്ടാന്‍ വേണ്ടിയിട്ട് പോയത്.
ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ചാല്‍ അവര്‍ക്ക് ഒന്നെങ്കില്‍ ഞാന്‍ സ്ത്രീധനമായി 101പവനും കാറും വീട്ടില്‍ പോയി വാങ്ങി കൊണ്ട് കൊടുക്കണം. അതല്ലെങ്കില്‍ ഭര്‍ത്താവ് ഓരോരുത്തരെ കൊണ്ടുവരും അവരുടെ കൂടെ നിന്ന് കൊടുക്കണം. അപ്പോള്‍ അവര്‍ പൈസ തരും. ആ പൈസ കൊണ്ട് നമുക്ക് കടങ്ങളും വീട്ടുചെലവും നടത്താം എന്നാണ് അവര് പറയുന്നത്. ജംഷീദ് നേതാവായത് കാരണം എന്തെങ്കിലും ഒരു ആവശ്യം ഉണ്ടെങ്കില്‍ അവന് ഒന്ന് മുന്നിട്ട് ഇറങ്ങി കഴിഞ്ഞാല്‍ അത് വേഗം നടക്കും എന്നാണ് ഭര്‍ത്താവ് പറയുന്നത്.