ഭീതിപരത്തി കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പൊലീസ് റെയ്ഡ്; സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നടപടി; കെ ജെ ഷൈനിന്റെ പരാതിയില്‍ അതിവേഗ നീക്കവുമായി എറണാകുളം സൈബര്‍ പൊലീസ്; 'പോരാട്ടം തുടരും, മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം' എന്നും കെ ജെ ഷൈന്‍
ഭീതിപരത്തി കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പൊലീസ് റെയ്ഡ്
തിരുവനന്തപുരം: സൈബര്‍ ആക്രമണക്കേസില്‍ സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയില്‍ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്ഡ് നടത്തി പൊലീസ്. എറണാകുളം സൈബര്‍ പൊലിസാണ് പരിശോധന നടത്തുന്നത്. ഇന്നലെയാണ് ഷാജഹാന്‍ അറസ്റ്റിലായത്. ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ കെ എം ഷാജഹാനെ ചെങ്ങമനാട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്. ഷൈന്‍ നല്‍കിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്റെ അറസ്റ്റ്. കെ ജെ ഷൈനിന്റെ പേര് പറഞ്ഞ് ഷാജഹാന്‍ വീണ്ടും അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് വീണ്ടും ഷൈന്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ സൈബര്‍ പൊലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കെ ജെ ഷൈനിന് എതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് കഴിഞ്ഞ ദിവസം ഷാജഹാന്‍ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്റെ ഫോണ്‍ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് നല്‍കിയിരുന്നില്ല. കെ ജെ ഷൈനിന്റെ പേര് വീഡിയോയില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നില്‍ ഷാജഹാന്‍ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നത്. സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഓണ്‍ലൈന്‍ പ്രചാരണം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ കെ.എം. ഷാജഹാന്‍ കഴിഞ്ഞ ദിവസം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ മൊഴിയെടുക്കല്‍ 5 മണിക്കൂര്‍ നീണ്ടു.
കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിലെ രണ്ടാം പ്രതിയാണ് കെ.എം.ഷാജഹാന്‍. ഷൈനിനെതിരെ അപകീര്‍ത്തികരമായ സമൂഹമാധ്യമ പോസ്റ്റുകള്‍ പങ്കുവച്ച കേസിലെ ഒന്നാം പ്രതി കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറി സി.കെ.ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം സെഷന്‍സ് കോടതി പൊലീസില്‍ നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.കെ.ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് മെറ്റ നീക്കം ചെയ്തു.
അതേ സമയം കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത പൊലീസിനെ പ്രശംസിച്ച് കെ ജെ ഷൈന്‍ രംഗത്ത് വന്നു. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് കെ ജെ ഷൈന്‍ വ്യക്തമാക്കി. പോരാട്ടം തുടരും, സര്‍ക്കാരിന് നന്ദിയെന്നും കെ ജെ ഷൈന്‍ പറഞ്ഞു. ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുര്‍ഗ അവതരിച്ചെന്ന് നവരാത്രി ഐതിഹ്യം ഓര്‍മിപ്പിച്ച് കെ ജെ ഷൈന്‍ പറഞ്ഞു.
അതേസമയം ഷൈന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കെ എം ഷാജഹാന്‍ വ്യക്തമാക്കി. സൈബര്‍ അധിക്ഷേപ കേസിലാണ് യൂട്യൂബര്‍ കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്റ്റേഷനിലാണ് ഷാജഹാന്‍. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്റെ വാദം.