മുത്തച്ഛന്റെ ഓർമ ദിവസമിട്ട ഫേസ്ബുക്ക് സ്റ്റാറ്റസിന് മറുപടി ചിരിക്കുന്ന ഇമോജി; യുവാക്കൾ തമ്മിലുള്ള തർക്കം അതിരുവിട്ടു; ഫാക്ടറി തൊഴിലാളിയായ 20കാരനെ ആക്രമിച്ചു; ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി കുത്തിവീഴ്ത്തി; കൊലപാതക കേസിൽ ഒരാൾ പിടിയിൽ

Update: 2025-09-25 10:35 GMT

ഗുജറാത്ത്: രാജ്‌കോട്ടിൽ ഫേസ്ബുക്ക് സ്റ്റാറ്റസിന് ചിരിക്കുന്ന ഇമോജിയിട്ട് പ്രതികരിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബിഹാർ സ്വദേശിയും രാജ്‌കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിൻസ് കുമാർ (20) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ബിഹാർ സ്വദേശി ബിപിൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പ്രതിയായ ബ്രിജേഷ് ഗോണ്ഡ് ഒളിവിലാണ്. യുവാവ് മരിച്ചതിനെ തുടർന്ന് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

നാലുമാസം മുൻപ് പ്രിൻസിന്റെ മുത്തച്ഛൻ മരിച്ചിരുന്നു. അടുത്തിടെ മുത്തച്ഛനെ ഓർത്ത് പ്രിൻസ് പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസിന് ബിപിൻ കുമാർ ചിരിക്കുന്ന ഇമോജി ഉപയോഗിച്ച് പ്രതികരിച്ചതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. ഇത് ചോദ്യം ചെയ്തതോടെ ഇരുവർക്കുമിടയിൽ ഫോണിലൂടെയും നേരിട്ടും വാക്കുതർക്കങ്ങളുണ്ടായി. സെപ്റ്റംബർ 12-ന് രാത്രി ഫാക്ടറിക്ക് പുറത്ത് ഓട്ടോറിക്ഷയിലിരിക്കുകയായിരുന്ന പ്രിൻസിനെ ബിപിൻ ആക്രമിക്കുകയായിരുന്നു.

പ്രിൻസ് ഫാക്ടറിയിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബ്രിജേഷ് തടയുകയായിരുന്നു. തുടർന്ന് ബിപിൻ പ്രിൻസിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹപ്രവർത്തകർ പ്രിൻസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് പ്രതികൾക്കെതിരെ പ്രിൻസ് മൊഴി നൽകിയിരുന്നു. ചികിത്സയിലിരിക്കെ നില വഷളായതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ പ്രിൻസ് പുലർച്ചെ രണ്ടരയോടെ മരിക്കുകയായിരുന്നു.

Tags:    

Similar News