കൂട്ടുകാരിയെ കേസില്‍ പെട്ടെന്ന് പറഞ്ഞ് സ്റ്റേഷനിലെക്ക് വിളിച്ചു കയറ്റി; എല്ലാം പ്ലാന്‍ ചെയ്തതു പോലെ നടന്നപ്പോള്‍ ആ യുവതിയുടെ പിറന്നാള്‍ ആഘോഷം നടന്നത് കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ് പരിസരത്ത്; പോലീസ് അറിഞ്ഞത് റീല്‍സ് വൈറലായപ്പോള്‍; അഞ്ചു പേര്‍ക്കെതിരെ കേസ്

Update: 2025-09-25 07:42 GMT

കണ്ണൂര്‍: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് ടൗണ്‍ പോലീസ്. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂര്‍ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ് പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു യുവതിയുടെ പിറന്നാളാഘോഷം. ആഘോഷം വീഡിയോയിലാക്കി റീല്‍സുമായി. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് പോലീസ് സംഭവം അറിയുന്നത്.

ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കള്‍ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് മരണം സംഭവിച്ചെന്നും അത് സെറ്റില്‍മെന്റ് ചെയ്യാനായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടുമായിരുന്നു ഫോണ്‍ വിളി. സുഹൃത്തുക്കള്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ മുന്‍വശം വഴി വാഹനത്തില്‍ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തേക്ക് കയറി അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്ക് കയറിയത്.

പോലീസ് കാന്റീന് മുന്‍ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം. അവിടെ നിര്‍ത്തിയിട്ട പോലീസ് വാഹനത്തിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്തും ആഘോഷം നടത്തി. തുടര്‍ന്ന് സംഘത്തിലെ രണ്ടു പേര്‍ പോലീസ് വാഹനത്തിന്റെ മറവില്‍ ഒളിച്ചിരുന്ന ശേഷം അതുവഴി മറ്റ് സുഹൃത്തു ക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന യുവതിക്ക് പിറന്നാള്‍ദിന സര്‍പ്രൈസ് നല്‍കിയത്.

തുടര്‍ന്ന് അവിടെ നിന്നു തന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഇതിനിടയില്‍ യുവതിയെ വിളിച്ചുവരുത്തിയ കാര്യം പരസ്പരം സംസാരിച്ച് ആഹ്ലാദം പങ്കിടുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്.

Tags:    

Similar News