ഉപ്പള മേല്‍പ്പാതയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീണു; തിരക്കേറിയ പ്രദേശത്ത് അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ആശങ്കയില്‍ പ്രദേശവാസികള്‍; ഊരാളുങ്കലിനെതിരെ വ്യാപക പ്രതിഷേധം

Update: 2025-09-28 11:54 GMT

കാസര്‍കോട്: നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന ആറുവരിപ്പാതയിലെ ഒന്നാം റീച്ചിലെ ഉപ്പള മേല്‍പ്പാതയില്‍ നിന്നും കോണ്‍ക്രീറ്റ് ബീമിന്റെ ഭാഗം അടര്‍ന്നുവീണു. ശനിയാഴ്ച രാത്രിയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത് . ഉപ്പള ബസ് സ്റ്റാന്‍ഡിന് സമീപത്തെ തിരക്കേറിയ പ്രദേശത്താണ് അപകടം നടന്നത്. വലിയൊരു അപകടം ഒഴിവായെങ്കിലും നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്. സെക്കന്‍ഡുകള്‍ വൈകിയിരുന്നെങ്കില്‍ ഒരു ഓടുന്ന വാഹനത്തിന് മുകളില്‍ തന്നെ ഈ സ്ലാബ് വീണേനെ എന്നതാണ് ആശങ്കയുടെ കാരണം. അതിനാല്‍. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടോ എന്നും ചോദ്യവും ഉയരുന്നുണ്ട്

ആറുവരി ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച മേല്‍പ്പാത മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരുന്നത്. അടുത്ത കാലത്ത് നിര്‍മിച്ച കോണ്‍ക്രീറ്റ് ബീമിന്റെ ഭാഗം പൊട്ടിവീണതോടെ നിര്‍മ്മാണ നിലവാരത്തെക്കുറിച്ച് കനത്ത സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. പാലത്തിന്റെ ബീമുകള്‍ പൊട്ടിപ്പൊളിയുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

പുതിയ കോണ്‍ക്രീറ്റ് തകര്‍ന്നതോടെ നിര്‍ണമാണത്തിന്റെ ഗുണനിലവാരമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഗുണനിലവാരമില്ലാത്ത വസ്തുക്കളുടെ ഉപയോഗിച്ചെന്നാണ് ആരോപണം. കൂടിയ ഭാരമുള്ള വാഹനം പരിഗണിക്കാതെ ഡിസൈന്‍ ചെയ്തുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൃത്യമായ ക്യൂറിംഗ് (curing) ഇല്ലാതെയായോ അലക്ഷ്യമായിട്ടായോ കോണ്‍ക്രീറ്റ് സജ്ജമാക്കിയതെന്നും ആരോപണമുണ്ട്.

സാമൂഹ്യപ്രവര്‍ത്തകനായ ഇക്ബാല്‍ കെ എഫ് പറയുന്നത് ഇങ്ങനെ: 'ഇത്ര വേഗത്തില്‍ വലിയ കെട്ടിടങ്ങള്‍ തകരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. ഞങ്ങള്‍ക്കിവിടെ അത്തരം മേല്‍പ്പാതകളിലൂടെ പോവേണ്ടി വരും എന്നത് തന്നെ പേടി നല്‍കുന്നതാണ്,' മേല്‍പ്പാതയുടെ മറ്റുള്ള ഭാഗങ്ങള്‍ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണമെന്നും ഇക്ബാല്‍ ആവശ്യപ്പെട്ടു .

Similar News