കിടപ്പുമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി; സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; 19 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് വീരവാദം മുഴക്കി; ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പീഡന പരാതിയുമായി യുവതി

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പീഡന പരാതിയുമായി യുവതി

Update: 2025-10-03 08:08 GMT

ബെംഗളൂരു: ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. കര്‍ണാടകയിലെ പുട്ടേനഹള്ളിയിലാണ് ഗാര്‍ഹിക പീഡനം, ബ്ലാക്ക്മെയിലിംഗ്, ചൂഷണം എന്നിവ ആരോപിച്ച് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ യുവതി പരാതി നല്‍കിയത്. ഭര്‍ത്താവ് കിടപ്പുമുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച് സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയെന്നും ഇവരുമായി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

2024 ഡിസംബറിലാണ് യുവതി സയ്യിദ് ഇനാമുള്‍ ഹഖിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഭര്‍ത്താവ് നേരത്തെ വിവാഹിതനായിരുന്നുവെന്ന് താന്‍ കണ്ടെത്തിയതായി യുവതി പറയുന്നു. പിടിക്കപ്പെട്ടതോടെ ഇത് സമ്മതിച്ച ഇനാമുള്‍ ഹഖ്, തനിക്ക് മറ്റ് 19 സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വീരവാദം മുഴക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇന്ത്യക്ക് പുറത്തുള്ള തന്റെ സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും അയാള്‍ നിര്‍ബന്ധിച്ചു. ഇതിനെ എതിര്‍ത്തപ്പോള്‍, സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും വെച്ചടക്കം ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും തുടര്‍ച്ചയായി പീഡിപ്പിക്കുകയാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ തടഞ്ഞപ്പോള്‍ മര്‍ദ്ദിച്ചുവെന്നും യുവതി പറഞ്ഞു.

പരാതിയില്‍ ഭര്‍തൃവീട്ടുകാരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഫെബ്രുവരിയില്‍ നടന്ന ഒരു കുടുംബചടങ്ങില്‍ വെച്ച് ഭര്‍ത്താവിന്റെ സഹോദരി പരാതിക്കാരിയെ അപമാനിച്ചതായും, ഭര്‍തൃസഹോദരന്‍ ലൈംഗികച്ചുവയോടെ പെരുമാറിയതായും ആരോപണമുണ്ട്. സെപ്റ്റംബര്‍ 21-ന്, വഴക്കിനിടെ പ്രതി പരാതിക്കാരിയെ മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്ന് കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനും പ്രതികളായ മറ്റ് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Similar News