പ്രണയിച്ച് വിവാഹം കഴിച്ച യുവതി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി; വിവാഹമോചിതയാകും മുമ്പെ രണ്ടാം വിവാഹം; വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാത്തതിന് ആദ്യ ഭര്‍ത്താവിന് മര്‍ദ്ദനം

Update: 2025-10-03 09:10 GMT

സോനിപ്പത്ത്: വിവാഹ മോചനം നേടുന്നതിന് മുമ്പ് യുവതി രണ്ടാമതും വിവാഹിതയായതിന് പിന്നാലെ ആദ്യ ഭര്‍ത്താവിനെ യുവതിയുടെ കുടുംബാംഗങ്ങള്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെയാണ് വിവാഹ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാത്തതിന്റെ പേരില്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

വീണ്ടും വിവാഹിതയായ ഭാര്യയുടെ ആദ്യ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാണ് യുവാവിനെ ആക്രമിച്ചത്. കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ക്കെതിരെ ആക്രമണം നടന്നത്.

കുണാല്‍ എന്ന യുവാവ് 2024 ജൂണ്‍ 26-നാണ് തന്റെ കാമുകിയായിരുന്ന കോമള്‍ ഗോസ്വാമിയെ (21) വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തത്. എന്നാല്‍, വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ കോമള്‍ കുണാലിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോയിരുന്നു.

'വിവാഹശേഷം അവര്‍ (കോമളിന്റെ മാതാപിതാക്കള്‍) എന്നോട് വഴക്കിട്ടു. മുത്തശ്ശിയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് കോമളിനെ അവര്‍ തിരികെ വിളിച്ചു,' ആശുപത്രി കിടക്കയില്‍ നിന്ന് സംസാരിക്കവേ കുണാല്‍ പറഞ്ഞു. ഇതിനുപിന്നാലെ, കോമള്‍ കുണാലിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് ഫയല്‍ ചെയ്യുകയും പ്രതിമാസം 30,000 രൂപ ജീവനാംശം ആവശ്യപ്പെടുകയും ചെയ്തു. ഇത് കുണാലിന്റെ പ്രതിമാസ ശമ്പളമായ 12,000 രൂപയേക്കാള്‍ വളരെ കൂടുതലാണ്. അധികം വൈകാതെ കോമളിന്റെ കുടുംബം ഉത്തര്‍പ്രദേശിലെ ഷാംലിയിലുള്ള മറ്റൊരു പുരുഷനുമായി അവരുടെ വിവാഹം ഉറപ്പിച്ചതായി കുണാല്‍ അറിഞ്ഞു.

പുതിയ ബന്ധുക്കള്‍ കുണാലുമായുള്ള ആദ്യ വിവാഹചിത്രങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്, സോഷ്യല്‍ മീഡിയയില്‍ നിന്ന് ആ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന് കോമളിന്റെ കുടുംബം കുണാലിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബര്‍ 24ന് കുണാല്‍ തന്റെ അച്ഛനോടൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

'ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് കോമളിന്റെ അച്ഛന്‍ എന്നോട് ആവശ്യപ്പെട്ടു. വിവാഹബന്ധം വേര്‍പെടുത്താതെ എങ്ങനെ കോമളിനെ മറ്റൊരു വിവാഹം കഴിപ്പിച്ചുവെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു,' കുണാല്‍ പറഞ്ഞു. നിയമപരമായി കുണാലും കോമളും ഇപ്പോഴും ഭാര്യാഭര്‍ത്താക്കന്മാരാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്, അടുത്ത വാദം ഒക്ടോബര്‍ 25-ന് നടക്കും.

കുണാലിന്റെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കോമളിന്റെ അച്ഛന്‍, അമ്മാവന്‍, കുറ്റകൃത്യത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Similar News