നിരവധി മോഷണ കേസുകളിൽ പ്രതികളായ അച്ഛനും മകനും പിടിയിലായത് വയനാട്ടിൽ നിന്ന്; പോലീസുകാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത് കൈവിലങ്ങുമായി; വനമേഖലയിലേക്ക് കടന്നതായി വിവരം; ഡ്രോൺ പരിശോധനയിൽ കണ്ടെത്താനായില്ല; ഒടുവിൽ കടയ്ക്കലിൽ നിന്നും മുങ്ങിയ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടെ കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണകേസിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ സ്വദേശി അയൂബ് ഖാനും മകൻ സെയ്തലവിയുമാണ് മേപ്പാടി പോലീസിന്റെ പിടിയിലായത്. നെടുമങ്ങാട്, പാലോട് മേഖലകളിലായി നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഇവർ അറസ്റ്റിലായത്. പ്രതികളെ പാലോട് പോലീസ് തെളിവെടുപ്പ് നടത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് തീരുമാനിച്ചതായാണ് വിവരം.
തിങ്കളാഴ്ച വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോഴാണ് പ്രതികൾ പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങിയ ശേഷം പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവർ വനമേഖലയിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകളടക്കം നടത്തിയിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇരുവരും കുറച്ചുകാലമായി പാലോട് കള്ളിപ്പാറയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ടാഴ്ച മുൻപ് കടകളിലും പള്ളിയിലും മോഷണം നടത്തിയതിനാണ് ഇവർ ആദ്യം അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ വയനാട്ടിൽ ഉണ്ടെന്ന് കണ്ടെത്തുകയും പാലോട് പോലീസ് അവിടെയെത്തി പിടികൂടുകയുമായിരുന്നു.
തുടർന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരുന്നതിനിടെ കടയ്ക്കലെത്തിയപ്പോൾ വീണ്ടും രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് പ്രതികൾ വയനാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്. ഇതിനിടെയാണ് മേപ്പാടി പോലീസ് ഇവരെ വീണ്ടും പിടികൂടിയത്. പ്രതികളെ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് മോഷണം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. പ്രതികൾ റിമാൻഡിലാണ്.