പ്ലാസ്റ്ററിട്ട കൈയില്‍ കടുത്ത വേദന; ഡോക്ടര്‍ മരുന്ന് നല്‍കി മടക്കി അയച്ചു; പിന്നാലെ രക്തയോട്ടം നിലച്ച് പഴുപ്പ് കയറി കറുപ്പ് നിറമായി; ഒന്‍പതു വയസുകാരിയുടെ കൈ മുറിച്ചുമാറ്റി; ചികിത്സാ പിഴവെന്ന് കുടുംബം

Update: 2025-10-03 09:56 GMT

പാലക്കാട്: വീണ് പരിക്കേറ്റതിന് തുടര്‍ന്ന് പ്ലാസ്റ്ററിട്ട് വിട്ടയച്ച ഒന്‍പതുവയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ചികിത്സ പിഴവ് ആരോപിച്ച് കുടുംബം. ജില്ലാ ആശുപത്രിയിലെ ചികില്‍സാപ്പിഴവിനെ തുടര്‍ന്നാണ് ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചു മാറ്റിയതെന്ന് പരാതിയില്‍ പറയുന്നു. പല്ലശ്ശന സ്വദേശി വിനോദിനിയുടെ മകള്‍ക്കാണ് വലത് കൈ നഷ്ടമായത്. കുട്ടിക്ക് ജില്ലാ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി കുടുംബം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കലക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ മാസം 24-നാണ് കുട്ടി വീണതിനെ തുടര്‍ന്ന് കൈക്ക് പരുക്കേറ്റത്. ഉടന്‍ തന്നെ ചിറ്റൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. പാലക്കാട് എത്തിച്ച ശേഷം സ്‌കാനിങ്ങിന് ശേഷം ഡോക്ടര്‍ കൈക്ക് പ്ലാസ്റ്റര്‍ കെട്ടി നല്‍കി വീട്ടിലേക്ക് വിട്ടു. രാത്രി കുട്ടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 25-ന് ഞായറാഴ്ച വീണ്ടും ജില്ലാ ആശുപത്രിയില്‍ പോയി. എല്ല് പൊട്ടിയതുകൊണ്ടാണ് വേദനയെന്നും, ഗുളികകള്‍ നല്‍കിയാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച വന്നാല്‍ മതിയെന്ന് പറഞ്ഞ് തിരിച്ചയച്ചു.


വെള്ളിയാഴ്ച പോകാനിരുന്ന കുടുംബം ചൊവ്വാഴ്ച തന്നെ വീണ്ടും ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴേക്കും കുട്ടിയുടെ കൈ കറുപ്പ് നിറമായി മാറിയിരുന്നു. കൈയില്‍ രക്തയോട്ടം നിലച്ച് പഴുപ്പ് കയറാന്‍ തുടങ്ങിയിരുന്നു. ഉടന്‍തന്നെ കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് എത്തിച്ചപ്പോള്‍ കൈയില്‍ പഴുപ്പ് ആഴത്തില്‍ ബാധിച്ചതിനാല്‍ കൈ മുറിച്ചുമാറ്റുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ അറിയിച്ചു.


കൈ മുറിച്ചുമാറ്റാതിരുന്നാല്‍ അണുബാധ ഹൃദയത്തെ ബാധിക്കുമെന്ന ഭയം കാരണം കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റാന്‍ കുടുംബം സമ്മതിക്കുകയായിരുന്നു. ജില്ലാ ആശുപത്രി അധികൃതര്‍ കൃത്യമായി വിഷയം പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും, ചികിത്സാ പിഴവാണ് മകളുടെ കൈ നഷ്ടപ്പെടാന്‍ കാരണമെന്നും കുടുംബം ആരോപിക്കുന്നു.

Tags:    

Similar News