കോഴഞ്ചേരിയില്‍ സാനിട്ടറി വെയര്‍ കടയില്‍ മോഷണം; രണ്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടാക്കള്‍ കൊണ്ടു പോയി; മോഷണം നടന്നത് ഉടമയുടെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന കടയില്‍

Update: 2025-10-07 06:35 GMT

കോഴഞ്ചേരി: സാനിട്ടറി വെയര്‍ കടയില്‍ മോഷണം. രണ്ടു ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. നമ്പന്‍കുറ്റിയില്‍ ജേക്കബ് തോമസിന്റെ (ബോബി) തെക്കേമല ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോംടെക് ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് സാനിട്ടറി വെയര്‍ ഉല്‍പന്നങ്ങളും അതിന്റെ ഫിറ്റിങ്സുകളും കട കുത്തിത്തുറന്നു എടുത്തുകൊണ്ടു പോയത്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജേക്കബ് തോമസിന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മൂന്നു ദിവസമായി സ്ഥാപനം പൂട്ടിക്കിടക്കുകയായിരുന്നു. വെള്ളിയാഴ്ച രാവില 11 മണിയോടെ വന്നു തുറന്ന ശേഷം അധികം വൈകാതെ അടച്ചു പോവുകയും ചെയ്തു.

തിങ്കളാഴ്ച സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴാണ് പിന്‍ഭാഗത്തെ ഷട്ടറിന്റെ ലോക്കു തകര്‍ത്ത നിലയില്‍ കണ്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് കവര്‍ പൊളിച്ച് ഉല്‍പന്നങ്ങള്‍ മാത്രമായി മോഷ്ടിച്ചതു കാണുന്നത്. പോലീസ് നായ മണം പിടിച്ച് പത്തനംതിട്ട ഭാഗത്തേക്കുള്ള ബസ്സ്റ്റോപ്പില്‍ എത്തി നിന്നു.

ഉല്‍പന്നങ്ങള്‍ ഇവിടെ എത്തിച്ച് വാഹനത്തില്‍ കയറ്റി പോയതായാണു സംശയിക്കുന്നത്. കടയിലെ കാമറ പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ കാമറകള്‍ പരിശോധിക്കുകയാണ് പോലീസ്.

Tags:    

Similar News