ക്ലാസ് നടക്കുന്നതിനിടെ ഒരു കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം; ശരീരം ആകെ വിയർത്ത് കുളിച്ച് ടെൻഷൻ; അധ്യാപകർക്ക് ഓട്ടോമാറ്റിക് കോൾ; നിമിഷ നേരം കൊണ്ട് സ്‌കൂൾ വളഞ്ഞ് പോലീസ്; പണി കൊടുത്തത് ചാറ്റ് ജിപിടി യിലെ ആ ചോദ്യം; തമാശയ്ക്ക് ചെയ്തതെന്ന് വിദ്യാർത്ഥി
ഡെലാൻഡ്: ക്ലാസ് മുറിയിൽവെച്ച് കൃത്രിമബുദ്ധി (AI) ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയോട് സുഹൃത്തിനെ എങ്ങനെ കൊല്ലണമെന്ന് ചോദിച്ച 13 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ ഡെലാൻഡിലുള്ള സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം നടന്നത്. സ്കൂൾ അധികൃതർ നൽകിയ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് വിദ്യാർത്ഥി ഈ ചോദ്യം ചോദിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്കൂളിലെ ഡിജിറ്റൽ നിരീക്ഷണ സംവിധാനം വിദ്യാർത്ഥിയുടെ ഈ നീക്കം കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു. കുട്ടികളിലെ അപകടകരമായ പ്രവണതകൾ കണ്ടെത്താനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സോഫ്റ്റ്‌വെയർ ആണ് ഈ സംഭാഷണം തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.
പോലീസ് ചോദ്യം ചെയ്യലിൽ, സുഹൃത്തിനെ ഉപദ്രവിക്കാനോ അപകടപ്പെടുത്താനോ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് കുട്ടി മൊഴി നൽകി. തന്നെ നിരന്തരം ശല്യപ്പെടുത്തിയ ഒരു സഹപാഠിയെ കളിയാക്കുന്നതിനായിട്ടാണ് താൻ അങ്ങനെ ചോദിച്ചതെന്ന് കുട്ടി അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. തമാശയ്ക്ക് ചെയ്തതാണെങ്കിലും, കുട്ടിയുടെ ചോദ്യം അതീവ ഗുരുതരമാണെന്നും ഭീഷണി നിറഞ്ഞതാണെന്നും പോലീസ് വിലയിരുത്തുന്നു.
നിലവിൽ കുട്ടിയെ ജുവനൈൽ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഈ സംഭവം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിജിറ്റൽ നിരീക്ഷണങ്ങളുടെയും കുട്ടികളിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെയും പ്രാധാന്യം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.