വഴിയില്‍ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ടാണ് പൊലീസിനെ അറിയിച്ചത്; നിതിന്റെ മൃതദേഹം കണ്ടെത്തിയത് വീട്ടില്‍ നിന്നും; ഇരുവരും കൂലിപ്പണിക്കാര്‍; നാട്ടുകാരുമായി അടുപ്പമില്ല; വെടിയൊച്ച ആരും കേട്ടില്ല; ഇരുവരും തമ്മില്‍ തര്‍ക്കം ഉള്ളതായി അറിയില്ലെന്നും പ്രദേശവാസികള്‍; യുവാക്കള്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹത
യുവാക്കള്‍ വെടിയേറ്റു മരിച്ചതില്‍ ദുരൂഹത
പാലക്കാട്: പാലക്കാട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കല്ലടിക്കോട്ട് മൂന്നേക്കറില്‍ രണ്ടു യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. മൂന്നേക്കര്‍ മരുതുംക്കാട് സ്വദേശി ബിനു (43) സുഹൃത്ത് നിതിന്‍ (26) എന്നിവരാണു മരിച്ചത്. മൃതദേഹങ്ങള്‍ക്കു സമീപം നാടന്‍ തോക്ക് കണ്ടെത്തിയിരുന്നു. നിതിന്‍ വീടിനുള്ളിലും ബിനു വീടിനു മുന്നിലെ റോഡിലുമാണ് മരിച്ചു കിടന്നത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ഒരു വര്‍ഷം മുമ്പാണ് ബിനുവിന്റെ അമ്മ മരിച്ചത്. ഇതോടെ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. ബിനുവിന്റെ മൃതദേഹത്തിന് സമീപം കണ്ടെത്തിയ തോക്ക് അയാളുടേത് തന്നെയാണെന്നാണ് നാട്ടുകാര്‍ പറയുന്നു. മരിച്ച നിതിന്‍ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസം. നിതിന് നാട്ടുകാരുമായി അടുപ്പമില്ല എന്നാണ് വിവരം. നിതിന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ബീഡിയും സിഗരറ്റും വാങ്ങാന്‍ വേണ്ടി മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. പതിവുപോലെ ഇന്നും അടുത്തുള്ള കടയില്‍ ബീഡി വാങ്ങാനെത്തിയിരുന്നു.
ബിനുവും നിതിനും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുതുംകാട് സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്നാണ് നാടന്‍ തോക്ക് കണ്ടെത്തിയിട്ടുണ്ട്. ടാപ്പിങ്ങ് തൊഴിലാളിയാണ് ബിനു.
നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് നിലവിലെ സൂചന. ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. യുവാക്കള്‍ തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള വൈരാഗ്യം ഉള്ളതായി അറിയില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രദേശവാസിയായ അനു എന്നയാള്‍ ജോലികഴിഞ്ഞ് നടന്നു വരുമ്പോഴാണ് ബിനു റോഡില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.
കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. മൂന്നു മണിയോടെയാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. വഴിയില്‍ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണു വീട്ടില്‍ നിതിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കള്‍ തമ്മില്‍ തര്‍ക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികള്‍ പറഞ്ഞു.