സ്ഥിര നിക്ഷേപമായ 50 ലക്ഷം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയത് രണ്ട് തവണ; വൃദ്ധ ദമ്പതികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ വിവരം പോലിസില്‍ അറിയിച്ചു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്നും വൃദ്ധ ദമ്പതിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികള്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമ്പത് ലക്ഷത്തിന്റെ സൈബര്‍ തട്ടിപ്പാണ് ബാങ്ക് മാനേജരുടെ ഇടപെടലില്‍ സൈബര്‍ പോലിസ് പൊളിച്ചത്. വൃദ്ധ ദമ്പതികളുടെ ബാങ്ക് അക്കൗണ്ട് വഴി അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനാണ് ശ്രമം നടന്നത്. പൊലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്‌സ് ആപ്പില്‍ വീഡിയോ കോളില്‍ വന്നായിരുന്നു തട്ടിപ്പ്.
വൃദ്ധ ദമ്പതികളെ ഡിജിറ്റല്‍ അറസ്റ്റിലാക്കിയ തട്ടിപ്പുകാര്‍ ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇരുവരേയും കേസില്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. 50 ലക്ഷം രൂപ നല്‍കിയാല്‍ അറസ്റ്റില്‍നിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു.
ഇതു വിശ്വസിച്ച ദമ്പതികള്‍ 50 ലക്ഷം രൂപ തട്ടിപ്പുകാര്‍ക്ക് നല്കി കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. പണത്തിനായി ചങ്ങനാശേരി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിന്‍വലിക്കാന്‍ മാനേജരെ സമീപിച്ചു. മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിര്‍ദേശം. സംശയം തോന്നിയ ബാങ്ക് മാനേജര്‍ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടു. ഇതു തട്ടിപ്പ് അക്കൗണ്ട് ആണെന്നു മനസിലാക്കി ഇടപാട് നടത്താതെ ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇന്നു വീണ്ടും ദമ്പതികള്‍ ബാങ്കിലെത്തി 50 ലക്ഷം രൂപ ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിര്‍ബന്ധിച്ചു. തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. ഈ സമയമത്രയും ദമ്പതികള്‍ വെര്‍ച്വല്‍ അറസ്റ്റില്‍ തുടരുന്ന നിലയിലായിരുന്നു. പൊലീസ് ഇടപെട്ടുവെന്നു ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയും ചെയ്തു.