'അമ്മയ്ക്ക് ഈ ഡിസൈനില്‍ ഒരു മാല വാങ്ങി നല്‍കണം; ആ മാല ഊരി തരുമോ?' 80കാരനായ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് മോഷണം; ആര്‍ഭാട ജീവിതത്തിനായി കവര്‍ച്ച നടത്തിയ പ്രതി പ്രമുഖ കോളജിലെ വിദ്യാര്‍ഥി; ഒടുവില്‍ 21കാരന്‍ കുടുങ്ങിയത് ആ പിഴവില്‍

ഒടുവില്‍ 21കാരന്‍ കുടുങ്ങിയത് ആ പിഴവില്‍

Update: 2025-10-26 05:01 GMT

ഏറ്റുമാനൂര്‍: അതിരമ്പുഴയില്‍ മലഞ്ചരക്ക് വ്യാപാരിയെ കബളിപ്പിച്ച് രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പിടിയിലായ പ്രതി മൂവാറ്റുപുഴയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥിയെന്ന് പൊലീസ്. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവന്‍ വില്ലയില്‍ ജിന്‍സ് തോമസാണ് പൊലീസിന്റെ പിടിയിലായത്. എല്ലായിടത്തും കവര്‍ച്ചയ്ക്കു ശേഷം വിദഗ്ധമായി രക്ഷപ്പെട്ടിരുന്ന ജിന്‍സിന്റെ തന്ത്രം ഏറ്റുമാനൂരില്‍ പൊലീസിന്റെ അതിവേഗ അന്വേഷണത്തില്‍ പാളുകയായിരുന്നു. മോഷണം നടത്തി 24 മണിക്കൂര്‍ തികയും മുന്‍പ് ജിന്‍സ് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ജിന്‍സ് എന്‍ജിനീയറിങ് ബിരുദധാരിയാണെന്നും ജീവിതം അടിച്ചു പൊളിക്കാന്‍ കണ്ടെത്തിയ വഴിയാണ് മോഷണമെന്നും പൊലീസ് പറയുന്നു.21 വയസ്സിനിടെ ആറ് മോഷണ കേസുകളാണ് ജിന്‍സിന്റെ പേരിലുള്ളത്. പ്രായമായവരെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ആലപ്പുഴ ജില്ലയില്‍ സമാനമായ കേസുകള്‍ പ്രതിയുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് അടിച്ചു പൊളിക്കുകയാണ് ഇയാളുടെ രീതി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ്് അതിരമ്പുഴ പള്ളിക്കവലയിലെ വ്യാപാരിയായ അപ്പച്ചനെ (80) കബളിപ്പിച്ച് ജിന്‍സ് മാലയുമായി കടന്നത്. കടയിലെത്തിയ മോഷ്ടാവ് കടയുടമയുമായി പെട്ടെന്ന് സൗഹൃദത്തിലാകുകയും അദ്ദേഹത്തിന്റെ യുകെയിലുള്ള മക്കളെ അറിയാമെന്നു വിശ്വസിപ്പിക്കുകയും ചെയ്തു. സാധനങ്ങള്‍ പലതും ആവശ്യപ്പെട്ട ഇയാള്‍ ഇതിനിടെ തന്റെ മാലയെക്കാള്‍ കടയുടമയുടെ മാലയുടെ ഡിസൈന്‍ നല്ലതാണെന്നു പറഞ്ഞു.

തുടര്‍ന്ന് സ്വന്തം കഴുത്തിലെ മാല ഊരി ഇയാള്‍ മേശപ്പുറത്ത് വച്ചു. തന്റെ അമ്മയ്ക്ക് ഈ ഡിസൈനില്‍ ഒരു മാല വാങ്ങി നല്‍കണമെന്നും ഡിസൈന്‍ നോക്കാനും ഫോട്ടോ എടുക്കാനുമായി മാല ഊരി തരുമോയെന്നും കടയുടമയോടു ചോദിച്ചു. കടയുടമ മാല ഊരി മേശപ്പുറത്ത് വച്ചു. ഇതിനിടയില്‍ വാങ്ങിയ സാധനങ്ങള്‍ രണ്ടു കൂടുകളിലാക്കാന്‍ മോഷ്ടാവ് ആവശ്യപ്പെട്ടു. കടയുടമ അതിനായി തിരിയുന്നതിനിടയില്‍ ഇയാള്‍ മാലയുമായി ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അപ്പച്ചന്‍ മോഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളെ ഹരിപ്പാട് നിന്നാണ് പിടികൂടിയത്. മോഷ്ടാവ് സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബന്ധുവിന്റെതാണ് ബൈക്ക്. മൂവാറ്റുപുഴയില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ഹ്രസ്വകാല കോഴ്‌സ് പഠിക്കുന്ന ജിന്‍സ് ഇതുവഴി വന്നുള്ള പരിചയം മാത്രമാണ് അതിരമ്പുഴയുമായുള്ളതെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ അഖില്‍ ദേവ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോമി, സിപിഒമാരായ സാബു, വി.കെ.അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News