അസുഖ ബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം; ഐടി ജീവനക്കാരനില്‍ നിന്നും തട്ടിയെടുത്തത് 14 കോടി രൂപ; ബ്രിട്ടനിലുള്ള വീടു മുതല്‍ നാട്ടിലുള്ള സ്വത്തുക്കള്‍ വരെ കൈക്കലാക്കി തട്ടിപ്പു സംഘം

ഐടി ജീവനക്കാരനില്‍നിന്ന് ആള്‍ദൈവം തട്ടിയത് 14 കോടി

Update: 2025-11-07 01:40 GMT

മുംബൈ: അസുഖബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനംചെയ്ത് ഐടി ജീവനക്കാരനില്‍നിന്ന് 14 കോടി രൂപ തട്ടിയെടുത്തസംഘത്തെ തേടി പുണെ പോലീസ്. സന്ന്യാസിനി അടക്കമുള്ള സംഘമാണ് ഏഴുവര്‍ഷത്തിനിടെ യുവാവിനെ കബളിപ്പിച്ച് കോടികള്‍ കൈക്കലാക്കിയത്. ബഹുരാഷ്ട്ര ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞദിവസം പുണെ സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യുവാവിന്റെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.

ഐടി ജീവനക്കാരനായ യുവാവിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ഒരാള്‍ക്ക് ഓട്ടോ ഇമ്യൂണ്‍ ആരോഗ്യാവസ്ഥയും മറ്റേയാള്‍ക്ക് ഓട്ടിസവും ആണ്. ഈ രണ്ട് കുട്ടികളുടെയും അസുഖം ഭേദമാക്കി നല്‍കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയില്‍ പറയുന്നു. യുവാവിന്റെ സാമ്പത്തികാവസ്ഥ നന്നായി മനസ്സലാക്കയ ശേഷമാണ് തട്ടിപ്പുകാര്‍ കൂടെ കൂടിയത്. നാട്ടിലും വിദേശത്തുമായുള്ള യുവാവിന്റെ സ്വത്തുക്കള്‍ എല്ലാം ഇവര്‍ തട്ടിയെടുത്തു.

ബ്രിട്ടണിലെ കുടുംബത്തിന്റെ വീട് മുതല്‍ നാട്ടില്‍ വിവിധയിടങ്ങളിലെ കൃഷിഭൂമിയടക്കമുള്ള വസ്തുവകകളാണ് ദൗര്‍ഭാഗ്യം കൊണ്ടുവരുന്നതെന്നായിരുന്നു ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതുകൊണ്ട് ഇവ വില്‍ക്കാന്‍ കുടുംബത്തെ സംഘം പ്രേരിപ്പിച്ചു. വിറ്റുകിട്ടുന്ന പണം ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് ഇവര്‍ സമര്‍ഥമായി തട്ടിയെടുക്കുകയും ചെയ്തു.

2018-ലാണ് തട്ടിപ്പിന്റെ തുടക്കം. ഭജനയ്ക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ ദമ്പതിമാര്‍ക്ക് പരിചയപ്പെടുത്തിയത്. സിദ്ധന്റെ ആത്മാവ് ശരീരത്തില്‍ പ്രവേശിക്കാറുണ്ടെന്നും ഇതിലൂടെ എല്ലാ അസുഖവും സുഖപ്പെടുത്തുമെന്നും ദമ്പതിമാര്‍ അവകാശപ്പെടുകയായിരുന്നു. തുടര്‍ന്ന്, സ്വത്തുവിവരങ്ങളും ആസ്തികളും ചോദിച്ചറിഞ്ഞ മൂവരും ചേര്‍ന്ന് ഇവരെ സമര്‍ഥമായി കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അസുഖങ്ങള്‍ മാറാന്‍ പ്രത്യേക പൂജ മുതല്‍ പ്രാര്‍ഥനായോഗങ്ങള്‍വരെ സംഘടിപ്പിക്കാനെന്ന പേരില്‍ തട്ടിപ്പുകാര്‍ പണം കൈപ്പറ്റി. ഇതിനിടെ പൂജകള്‍ക്ക് ചോദിച്ച വന്‍ തുകകള്‍ നല്‍കാനായി യുവാവ് ബാങ്ക് വായ്പ എടുക്കുകയും ബന്ധുക്കളില്‍നിന്ന് കടംവാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Tags:    

Similar News