വഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തി; ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി; ഒളിവില്‍ കഴിഞ്ഞത് പതിനഞ്ച് വര്‍ഷം; രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പതിനഞ്ച് വര്‍ഷത്തിന് ശേഷം പിടിയില്‍. 2010 മേയ് 31-ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയെ ആണ് ഗുജറാത്തില്‍ നിന്നും പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ നരോത്തം പ്രസാദ് എന്ന പ്രതിയെയാണ് ഗുജറാത്തില്‍നിന്ന് ചൊവ്വാഴ്ച പിടികൂടിയത്. ഇയാളെ ഡല്‍ഹിയിലെത്തിക്കുകയും തുടര്‍ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തു.
പ്രസാദ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരു വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുകയായിരുന്നു. ജഹാംഗീര്‍പുരിയിലെ ഒരു വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പോലീസെത്തി വീടിന്റെ വാതില്‍ തുറന്നപ്പോള്‍, 25 വയസ് പ്രായെ തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ മൃതദേഹം തറയില്‍ കിടക്കുന്നത് കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു.
അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പ്പോയ പ്രസാദിനെ പോലീസ് സംശയിച്ചു. പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
15 കൊല്ലത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഡല്‍ഹി പോലീസിന്റെ ഒരു സംഘം ഗുജറാത്തിലെ വഡോദരയിലെത്തി. സാങ്കേതിക നിരീക്ഷണം ഉപയോഗിച്ചും നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും സംഘം വഡോദരയിലെ ഛോട്ടാ ഉദയ്പൂര്‍ പ്രദേശത്ത് നിന്ന് പ്രസാദിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ സിക്കര്‍ സ്വദേശിയാണ് പ്രസാദ്. ഒളിവില്‍ കഴിയുമ്പോള്‍ ഛോട്ടാ ഉദയ്പൂരിലെ ഒരു കോട്ടണ്‍ ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. വിവാഹം കഴിഞ്ഞ് അധികം വൈകാതെ താനും ഭാര്യയും തമ്മിലുള്ള വഴക്കുകള്‍ രൂക്ഷമായതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. ദേഷ്യത്തില്‍ ഭാര്യയെ കൊലപ്പെടുത്തുകയും പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രസാദ് വ്യാജ ആത്മഹത്യാക്കുറിപ്പ് എഴുതുകയുമായിരുന്നു.
